അഷ്ടമി​രോഹി​ണി​ വള്ളസദ്യയുണ്ട് പതിനായിരങ്ങൾ, ആറന്മുളയിൽ അമൃതഭോജനം

Monday 15 September 2025 12:47 AM IST

ആറന്മുള : അഷ്ടമിരോഹിണി നാളിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്ന സമൂഹവള്ളസദ്യയിൽ ഭഗവാനോടൊപ്പം പതിനായിരങ്ങൾ സദ്യയുണ്ടു. ഇന്നലെ നടന്ന അഷ്ടമിരോഹിണി സദ്യയ്ക്ക് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. രാവി​ലെ ഏഴുമുതൽ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തിയി​രുന്നു. പത്തരയോടുകൂടി വിശിഷ്ട അതിഥികളെ ക്ഷേത്രത്തിലേക്ക് വഞ്ചിപ്പാട്ട് പാടി പള്ളിയോട സേവാസംഘം പ്രവർത്തകർ സ്വീകരി​ച്ചു. ദേവസ്വം മന്ത്രി വി.എൻ.വാസവൻ, കൃഷി മന്ത്രി പി.പ്രസാദ് എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. ആനക്കൊട്ടിലിൽ എത്തി ഭദ്രദീപം തെളിയിച്ച് ഭഗവാന് തൂശനിലയിൽ വിഭവങ്ങൾ വിളമ്പിയ ശേഷം, വിശിഷ്ട അതിഥികൾ ക്ഷേത്രം വലംവച്ച് അഷ്ടമിരോഹിണി സദ്യയുടെ ക്രമീകരണങ്ങൾ നേരിൽ കണ്ടു, പിന്നീട് ക്ഷേത്രക്കടവിൽ പള്ളിയോടങ്ങളുടെ വരവ് കാണുകയും വടക്കേ മാളികയിൽ വള്ളസദ്യ കഴിക്കുകയുമുണ്ടായി. വിശിഷ്ട അതിഥികളോടൊപ്പം മുൻ എം.എൽ.എമാരായ രാജു എബ്രഹാം, മാലേത്ത് സരളാദേവി, എ.പത്മകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ആർ.അജയകുമാർ, ഓമല്ലൂർ ശങ്കരൻ, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാർ, ശ്രീവിജയാനന്ദാശ്രമം മഠാധിപതി മാതാ കൃഷ്ണാനന്ദ പൂർണ്ണിമാമയി, ജില്ലാ പൊലീസ് മേധാവി ആനന്ദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പള്ളിയോടങ്ങളിലെത്തിയ കരക്കാർ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആണ് സദ്യ കഴിച്ചത്. 52 കരകൾക്കും ക്ഷേത്രമതിലകത്ത് പ്രത്യേക സദ്യയി​ടം ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് 11.30യ്ക്ക് തുടങ്ങിയ സദ്യ വൈകുന്നേരം മൂന്നര വരെ തുടർന്നു. ഒക്ടോബർ രണ്ടി​ന് വള്ളസദ്യ സമാപിക്കും.