അവിഹിതത്തിൽ പകവീട്ടൽ, യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് സ്റ്റാപ്ലർ അടിച്ചു
കോഴഞ്ചേരി (പത്തനംതിട്ട): ദമ്പതികൾ യുവാക്കളെ വീട്ടിൽ വിളിച്ചുവരുത്തി കൊടിയ ക്രൂരതകൾക്ക് ഇരയാക്കിയത് ഹണിട്രാപ്പെന്ന് വരുത്തിതീർക്കാൻ. യുവതി മെനഞ്ഞ കള്ളക്കഥ പൊലീസിനെ ആദ്യം കുഴപ്പിച്ചെങ്കിലും അവിഹിത സൗഹൃദത്തിന്റെ പകവീട്ടലാണ് സംഭവത്തിനു പിന്നിലെന്ന് ഒടുവിൽ വ്യക്തമായി. കെട്ടിത്തൂക്കി മർദ്ദിച്ചും ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിൻ അടിച്ചും നഖം പിഴുത് മൊട്ടുസൂചി തറച്ചും യുവാക്കളെ കൊല്ലാക്കൊലചെയ്ത കോയിപ്രം കുറവൻകുഴി മലയിൽ വീട്ടിൽ ജയേഷ് (30), ഭാര്യ രശ്മി (25) എന്നിവർ അറസ്റ്റിലായി.
ഈമാസം ഒന്നിന് ആലപ്പുഴ നീലംപേരൂർ സ്വദേശിയായ 19കാരനും അഞ്ചിന് റാന്നി അത്തിക്കയം സ്വദേശിയായ 29കാരനും ഇവരുടെ കെണിയിൽ വീഴുകയായിരുന്നു.
ജയേഷിന്റെ ബംഗളൂരുവിലെ പണിസ്ഥലത്തെ സഹപ്രവർത്തകരായിരുന്നു ഇരുവരും. ജയേഷ് നാട്ടിൽ വന്നപ്പോൾ ഇവർ ടെലിഫോണിൽ വിളിച്ചിട്ടുകിട്ടാതെ വന്നപ്പോൾ രശ്മിയെ വിളിച്ചതോടെ തുടങ്ങിയതാണ് വഴിവിട്ട സൗഹൃദം.
മർദ്ദനത്തിനുശേഷം വഴിയിൽ ഉപേക്ഷിക്കപ്പെട്ട റാന്നി സ്വദേശി ചികിത്സ തേടിയ ആശുപത്രിയിൽ നിന്നാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് മൊഴിയെടുത്തപ്പോൾ കാമുകിയുടെ പിതാവും പ്രതിശ്രുത വരനും ചേർന്ന് മർദ്ദിച്ചെന്നാണ് വെളിപ്പെടുത്തിയത്. മൊഴികൾ വിലയിരുത്തിയ പൊലീസ് അതിലെ വൈരുദ്ധ്യത്തിൽ പിടിമുറുക്കി ചോദ്യം ചെയ്തപ്പോഴാണ് യുവദമ്പതികൾ ക്രൂരത വെളിപ്പെടുത്തിയത്. പ്രതികളെ കൂടുതൽ ചോദ്യംചെയ്തപ്പോഴാണ് പത്തൊൻപതുകാരനും ഇരയായെന്ന് വ്യക്തമായത്.
19കാരനെ കെട്ടിത്തൂക്കി
ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വന്ന 19കാരനെ ഒന്നിന് മാരാമണ്ണിൽ നിന്ന് ജയേഷ് ബൈക്കിൽ വീട്ടിലെത്തിച്ചു. രശ്മിയുമായി ലൈംഗികപ്രവൃത്തിയിൽ ഏർപ്പെടുന്നതുപോലെ അഭിനയിക്കണമെന്നും അല്ലെങ്കിൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഇത് മൊബൈലിൽ ചിത്രീകരിച്ചു. ഷാൾ ഉപയോഗിച്ച് കൈകൾ കെട്ടി. കമ്പിവടികൊണ്ട് കൈയിലും കാലിലും ഇടിച്ചു. സൈക്കിൾ ചെയിൻ ഉപയോഗിച്ച് കണ്ണുകളിലും വയറിലും ഇടിച്ചു. മുറിയിൽ കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചു. രശ്മി കട്ടിംഗ് പ്ലെയർ ഉപയോഗിച്ച് യുവാവിന്റെ കൈവിരലിൽ അമർത്തി. തുടർന്ന് കട്ടിലിൽ കിടത്തി വിവസ്ത്രനാക്കി പെപ്പർ സ്പ്രേ അടിച്ചു. കൈയിലുണ്ടായിരുന്ന 19,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത് കോഴഞ്ചേരിയിലെ ഓട്ടോസ്റ്റാൻഡിൽ ഇറക്കിവിട്ടു.
മരണാസന്നനായി
റാന്നി സ്വദേശി
തിരുവോണദിവസം, അഞ്ചിന് വൈകിട്ട് ആറിനാണ് രണ്ടാമത്തെ സംഭവം. 29കാരനെ രശ്മിയാണ് വീട്ടിലേക്ക് വിളിച്ചത്. സംസാരിച്ചിരിക്കെ, ജയേഷ് പെപ്പർ സ്പ്രേ അടിച്ചു. താഴെ വീണ യുവാവിന്റെ കഴുത്തിൽ സർജിക്കൽ ബ്ലേഡ് വച്ച് ഭീഷണിപ്പെടുത്തി. ഷാൾ ഉപയോഗിച്ച് കൈകൾ കെട്ടി മുറിയുടെ ഉത്തരത്തിൽ തൂക്കി. സൈക്കിൾ ചെയിൻ ചുറ്റിപ്പിടിച്ച് നെഞ്ചിന് ഇടിച്ചു. കമ്പിവടികൊണ്ട് അടിച്ചു. ജനനേന്ദ്രിയത്തിലും പുറത്തും രശ്മി സ്റ്റാപ്ലർ പിൻ അടിച്ചു. വലതുകാലിലെ നഖങ്ങൾക്കിടയിൽ മൊട്ടുസൂചി അടിച്ചുകയറ്റി. കാലിലെ മുറിവിലേക്ക് പെപ്പർ സ്പ്രേ അടിച്ചു. അബോധാവസ്ഥയിലായ യുവാവിനെ, രാത്രി എട്ടോടെ ജയേഷും രശ്മിയും സ്കൂട്ടറിൽ നടുക്കിരുത്തി പുതമൺ പാലത്തിന് സമീപം തള്ളി. അതുവഴിയെത്തിയ ഓട്ടോറിക്ഷ ഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.