നാട്ടിലെ കൂട്ടപ്പോര് സഭയിൽ തീയാകും, നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: പൊലീസ് അതിക്രമവും രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമടക്കം സമൂഹത്തെ എരിപിരിക്കൊള്ളിച്ച വിവാദങ്ങൾ ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തെ പോർക്കളമാക്കും. ഭരണ, പ്രതിപക്ഷങ്ങൾ നേർക്കുനേർ പോരാടും. ഇതുവരെ പുറത്തായിരുന്ന ഏറ്റുമുട്ടൽ സഭാസമ്മേളനത്തെ കൂടുതൽ സങ്കീർണമാക്കും. നിയമസഭയിൽ പ്രാതിനിദ്ധ്യമില്ലെങ്കിലും സർക്കാരിന്റെ വീഴ്ചകൾക്കെതിരെ ബി.ജെ.പി തെരുവിൽ തുറക്കാനൊരുങ്ങുന്ന പോർമുഖങ്ങളും കൂടിയാകുമ്പോൾ ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പ് അങ്കത്തിന്റെ റിഹേഴ്സൽ കൂടിയാകും നിയമസഭാ സമ്മേളനം.
ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന പൊലീസ് കസ്റ്റഡി മർദ്ദനങ്ങൾ, അതിന്മേൽ മുഖ്യമന്ത്രി തുടരുന്ന മൗനം, തൃശൂരിലെ പാർട്ടി നേതാക്കൾക്കെതിരായ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഫോൺ സംഭാഷണം തുടങ്ങിയവ ഉന്നയിച്ച് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കും. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള ലൈംഗികാരോപണങ്ങൾ, വയനാട്ടിൽ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ, കഴിഞ്ഞ ഡിസംബറിൽ ജീവനൊടുക്കിയ ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ മരുമകൾ പത്മജയുടെ ആത്മഹത്യാശ്രമം തുടങ്ങിയവ ഉന്നയിച്ച് കോൺഗ്രസിനെ പ്രതിരോധത്തിലാക്കാനാകും ഭരണപക്ഷ ശ്രമം.പൊലീസ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി കേരളമാകെ കണ്ടതും ആവർത്തിക്കുന്ന പൊലീസ് അതിക്രമങ്ങളും ഭരണപക്ഷത്തെ വല്ലാതെ വിയർപ്പിക്കും. സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ ഉയർന്ന വിമർശനങ്ങളും ലോക്കപ്പ് മർദ്ദനം ഇടതുനയമല്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രഖ്യാപനവും പ്രതിപക്ഷത്തിന് കൊട്ടിപ്പാടാനുള്ള വകയാണ്. ആരോപണങ്ങൾക്ക് മുന്നിൽ തുടരുന്ന മൗനം സഭയിൽ മുഖ്യമന്ത്രിക്ക് വെടിയേണ്ടി വരും.
രാഹുൽ വരുമോ?
ലൈംഗികാരോപണങ്ങളിൽ കുടുങ്ങി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് ആകാംക്ഷ ഉയർത്തുന്ന മറ്റൊരു വിഷയം. രാഹുൽ വരുന്നത് പ്രതിപക്ഷ തന്ത്രങ്ങളുടെ ധാർമ്മിക വീര്യം കുറയ്ക്കുമെന്നതുകൊണ്ട് അത് തടയാനാകും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ശ്രമം. എന്നാൽ, രാഹുലിനെ സഭയിൽ എത്തിക്കുമെന്ന വാശിയിലാണ് പി.സി.വിഷ്ണുനാഥ് ഉൾപ്പെടെയുള്ള പഴയ എ പക്ഷം. രാഹുൽ വിഷയം ഭരണപക്ഷം ഉയർത്തിയാൽ എം.മുകേഷിന്റെ അടക്കമുള്ള വിഷയമെടുത്തിട്ടാകും പ്രതിപക്ഷം പ്രതിരോധിക്കുക.
യു.ഡി.എഫിലെ പ്രതിസന്ധി
□ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ
□ എൻ.എം.വിജയന്റെ മരുമകളുടെ ആത്മഹത്യാ ശ്രമം
□ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം
എൽ.ഡി.എഫിലെ പ്രതിസന്ധി
□ ആവർത്തിക്കുന്ന പൊലീസ് അതിക്രമം
□ തൃശൂരിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ വെളിപ്പെടുത്തൽ
□ സഹകരണ മേഖലയുമായി ബന്ധപ്പെട്ട അഴിമതികൾ