വൃന്ദാവനമായി നാടും നഗരവും
കൊല്ലം: നാടെങ്ങും കൃഷ്ണഭക്തിയുടെ നിറക്കാഴ്ചയൊരുക്കി ഓടക്കുഴലും തിരുമുടിപ്പീലിയുമണിഞ്ഞ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും. ഉണ്ണിക്കണ്ണന്മാർ കുറുമ്പ് കാട്ടിയപ്പോൾ കാഴ്ചക്കാർക്കും കൗതുകമായി. അതിവർണാഭമായിരുന്നു ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭായാത്രകൾ.
കലാപരിപാടികളും ഉറിയടിയും ഗോപികാനൃത്തവും താളമേളങ്ങളും ശോഭായാത്രയുടെ ഭാഗമായി. മഴ മാറിയ കാലാവസ്ഥ ശോഭായാത്രക്ക് മാറ്റുകൂട്ടി. രാവിലെ മുതൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഉച്ചയോടെ ഉണ്ണിക്കണ്ണന്മാരും രാധയും തോഴിമാരും തയ്യാറായി കാത്തുനിന്നു. ചിലയടങ്ങളിൽ ശോഭായാത്രകൾ ഒരുമിച്ച് മഹാശോഭായാത്രയായി സഞ്ചരിച്ചു. പ്രധാന നഗരങ്ങൾ ഉൾപ്പടെ പലയിടത്തും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശോഭായാത്രകൾ സംഘടിപ്പിച്ചത്. വാദ്യമേളങ്ങൾ, അവതാര കഥയിലെ ഉജ്വല മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്കാരം, നിശ്ചല ദൃശ്യങ്ങൾ, തുടങ്ങിയവ ശോഭായാത്രയ്ക്ക് പകിട്ടേകി. വഴിയിലുടനീളം ശോഭായാത്രയ്ക്ക് നിലവിളക്ക് തെളിച്ച് വരവേൽപ്പ് നൽകി. ഗ്രാമം തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ” എന്ന സന്ദേശവുമായി വൈകിട്ട് അഞ്ചുമണിക്ക് ലക്ഷ്മിനട ക്ഷേത്രസന്നിധിയിൽ നിന്നാരംഭിച്ച ശോഭായാത്ര പുതിയകാവ് ക്ഷേത്രത്തിൽ സമാപിച്ചു. ഉറിയടിച്ച് ഉണ്ണിക്കണ്ണന്മാർക്ക് വെണ്ണ പകർന്നു നൽകിക്കൊണ്ടായിരുന്നു തുടക്കം. റിട്ട. കേണൽ വി.വിനോദ് ഗോകുല പതാക കൈമാറി. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷൻ ഗിരീഷ്ബാബു സന്ദേശം നൽകി. ആശ്രാമം, ഉളിയക്കോവിൽ, രാമൻകുളങ്ങര, തേവള്ളി, കടവൂർ, രാമേശ്വരം, മുളങ്കാടകം. തിരുമുല്ലവാരം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ സംഗമിച്ചാണ് മഹാ ശോഭായാത്രയായി മാറിയത്. കൊല്ലം മഹാനഗറിൽ 96 ശോഭായാത്രകൾ നടന്നു. പുനലൂർ താലൂക്കിൽ 25 മഹാശോഭാ യാത്രകൾ നടന്നു. അഞ്ചലിൽ ആർ.ഒ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ചെറുശോഭായാത്രകൾ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. കൊട്ടാരക്കര, കടയ്ക്കൽ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, ചവറ, ശക്തികുളങ്ങര തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിൽ മഹാശോഭായാത്രകൾ നടന്നു.