നാടിന്റെ വിങ്ങലായി ഹരിലാലും വിഷ്ണുവും

Monday 15 September 2025 12:43 AM IST

കൊല്ലം: മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയായ ഹരിലാലിന് നാടിന്റെ കണ്ണീർപ്രണാമം. കൊവിഡ് കാലത്ത് രോഗബാധിതർക്കായി പോരാടിയ തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് ധവളക്കുഴിയിലേക്ക് എത്തിയത്.

കല്ലുവാതുക്കൽ മണ്ണയത്ത് കിണറ്റിൽ വീണ വിഷ്ണുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണ്ടും കിണറ്റിൽ പതിച്ച് മരണമടഞ്ഞ ഹരിലാലിന്റെ (24) സംസ്കാര ചടങ്ങുകളാണ് നാടിനെ നൊമ്പരത്തിലാഴ്ത്തിയത്. നാട്ടിലെ എന്ത് ആവശ്യങ്ങൾക്കും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഹരിലാൽ ഏവരുടെയും പ്രിയപ്പെട്ടവനായിരുന്നു. അതുകൊണ്ടുതന്നെയാണ് കിണറിന്റെ ആഴം പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്. നാട്ടിൽ വലിയ സൗഹൃദവലയത്തിനും ഉടമയായിരുന്നു. പലർക്കും സങ്കടമടക്കാനാകാതെ വാക്കുകളിടറി. മകന്റെ മൃതദേഹത്തിന് മുന്നിൽ അലമുറയിട്ട് കരയുന്ന അമ്മ ഷൈലകുമാരിയെ ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കാർക്കുമായില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ഹരിലാലിന്റെ ഭൗതികദേഹം മയ്യനാട് ധവളക്കുഴി കണ്ണാപുല്ലുവിളയിലെ വീട്ടിലെത്തിച്ചത്. തുടർന്ന് പോളയത്തോട് ശ്മശാനത്തിൽ സംസ്കാരിച്ചു. സോമൻപിള്ളയാണ് പിതാവ്. മണികണ്ഠനാണ് സഹോദരൻ.

ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് വിഷ്ണുവിന്റെ (23) ഭൗതികദേഹം കല്ലുവാതുക്കൽ മണ്ണയം തൊടിയിൽ വീട്ടിലെത്തിച്ചത്. 2 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വേണുവിന്റെയും സുനിതയുടെയും മകനാണ് വിഷ്ണു. സഹോദരി: രേണുക. 13ന് വൈകിട്ട് മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടയിൽ കപ്പി കൊരുത്തിരുന്ന തടി ഒടിഞ്ഞ് വിഷ്ണു കിണറ്റിൽ പതിക്കുകയായിരുന്നു. വീടിനടുത്തുള്ള ഫുഡ് പ്രോഡക്ട് സ്ഥാപനത്തിലാണ് വിഷ്ണുവിന്റെ സഹോദരി ജോലി ചെയ്തിരുന്നത്. വിവരമറിഞ്ഞ് സഹോദരിക്കൊപ്പം ഓടിയെത്തിയ ഹരിലാൽ കയറുമായി കിണറ്റിലേക്ക് ഇറങ്ങി. സാരമായി പരിക്കേറ്റ വിഷ്ണുവിന്റെ അരയിൽ കയർ കെട്ടിയ ശേഷം തൊടിയിൽ ചവിട്ടി മുകളിലേക്ക് കയറുകയായിരുന്നു. മുപ്പത് തൊടി പിന്നിട്ടതോടെ വിഷ്ണുവിന്റെ അരയിൽ കെട്ടിയിരുന്ന കയറഴിഞ്ഞ് ഇരുവരും കിണറ്റിലേക്ക് വീണ്ടും പതിച്ചു. കുന്നിൻ പ്രദേശമായതിനാൽ കിണറ്റിന് 50 തൊടിയിലേറെ ആഴമുണ്ടായിരുന്നു. പിന്നീട് ഫയർഫോഴ്സെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.