ചെമ്പ് ഊതി ഉരുക്കിയൊരുക്കാൻ ഈശ്വര മൂർത്തിയുടെ ആല

Monday 15 September 2025 12:45 AM IST

പഴക്കം

103 വർഷം

03 മാസം

പരവൂർ: കാലം മാറിയാലും കോലം മാറ്റാതെ പരവൂരിന്റെ ഹൃദയഭാഗത്ത് ഇപ്പോഴും കനലണയാതെ ഊതിക്കാച്ചുന്നൊരു ആലയുണ്ട്. കൃത്യമായി പറഞ്ഞാൽ 103 വർഷവും മൂന്നു മാസവും പഴക്കമുള്ള ആല. ഇവിടുത്തെ ഒട്ടുമിക്ക വീടുകളിലും കാണും ആലയിലൊരുക്കിയ ഒരു ചെറിയ ചെമ്പുപാത്രമെങ്കിലും.

75കാരൻ ഈശ്വര മൂർത്തിയാണ് ഇപ്പോഴത്തെ ഉടമ. പുളിമരത്തണലിലെ അര സെന്റിൽ ഒരു ഓലപ്പുര. ഈശ്വര മൂർത്തിയുടെ പിതാവ് ചിന്നതമ്പി ആചാരിയാണ് (ചിന്ന സ്വാമി) സ്ഥാപകൻ. തിരുവനന്തപുരമായിരുന്നു ചിന്നതമ്പി ആചാരിയുടെ സ്വദേശം. അദ്ദേഹത്തിന്റെ ചിറ്റപ്പൻ നായനാർ ആചാരിയാണ് കുലത്തൊഴിലായ സ്വ‌ർണപ്പണി പഠിപ്പിക്കാൻ ചിന്നസ്വാമിയെ പരവൂരിൽ കൊണ്ടുവന്നത്.

സ്വ‌ർണപ്പണിക്കിടെ ഒരു ചെറിയ തുണ്ട് സ്വർണം അബദ്ധത്തിൽ തെറിച്ച് പോയതും വീണ്ടെടുക്കാനാകാതെ വന്നതും ചിന്നസ്വാമിയുടെ ജീവിതം മാറ്റിമറിച്ചു. കടയിൽ നിന്ന് പുറത്താക്കപ്പെട്ട ചിന്നസ്വാമി ആ കടയുടെ തൊട്ട് എതി​ർവശത്ത് പുറമ്പോക്കിൽ ഒരു ഓലക്കുടിൽ കെട്ടി, തനിക്കറിയാവുന്ന ചെമ്പ് പാത്ര നിർമ്മാണം ആരംഭിച്ചു.

കലമായി, കുടമായി, ഉരുളികളായി, താഴികക്കുടങ്ങളായി, ശൂലങ്ങളായി... ചെമ്പ് ഷീറ്റുകൾക്ക് രൂപമാറ്റം സംഭവിച്ചപ്പോൾ ആവശ്യക്കാരേറി. അന്നും ഇന്നും രൂപത്തിനോ ഭാവത്തിനോ ഈ കടയ്ക്ക് വ്യത്യാസമില്ല. തൊട്ടടുത്തൊക്കെ കടമുറി​കൾ വന്നപ്പോഴും ആല അനങ്ങാതെ നി​ന്നു!.

പഠിക്കവേ പിടിച്ചു ചെത്തുളി

ചിന്നസ്വാമിക്ക് അ‌ഞ്ചായിരുന്നു മക്കൾ. രണ്ടാമൻ ഈശ്വരമൂർത്തിയെ തന്റെ പിൻഗാമിയാക്കി. അക്ഷരം പഠിക്കാൻ തുടങ്ങിയ കാലം മുതൽ ഈശ്വര മൂർത്തി​യെ ചെറി​യ ചെത്തുളി പിടിപ്പിക്കാനും പരിശീലിപ്പിച്ചു. 90-ാം വയസിലായിരുന്നു ചിന്നസ്വാമിയുടെ അന്ത്യം. പണ്ടത്തെപ്പോലെ വലിയ ഓർഡറുകളൊന്നും ഇപ്പോഴില്ല. ഇടയ്കിടെ താഴികക്കുട നിർമ്മാണം ലഭിക്കും. തൈപ്പൂയത്തിന് ചെറുതും വലുതുമായ ആയിരക്കണക്കിന് പിത്തള ശൂലങ്ങളുടെ നിർമ്മിതിയുണ്ടാവും. വരുമാനം കുറഞ്ഞാലും പിതാവ് തു‌ടങ്ങിയ സംരംഭം ഒരുദിവസം പോലും അടഞ്ഞുകിടക്കാൻ ഇടയാക്കിയിട്ടില്ല ഈശ്വരമൂ‌ർത്തി. അഞ്ച് മക്കളിൽ മൂത്ത മകൾ അദ്ധ്യാപിക. രണ്ടാമത്തെയും അഞ്ചാമത്തെയും മക്കൾ സഹകരണ വകുപ്പിൽ ഓഡിറ്റർമാർ. മൂന്നാമൻ ഗൾഫിൽ. നാലാമൻ വിജയകുമാർ മൂന്നാംതലമുറ പിൻഗാമിയായി കൂടെയുണ്ട്.