പൊലീസ് ചമഞ്ഞ് പണം തട്ടിയയാൾ പിടിയിൽ

Monday 15 September 2025 1:04 AM IST
മഹേഷ് ചന്ദ്രൻ

ആലുവ: സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ആണെന്ന വ്യാജേന നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്ത വടക്കേക്കര കുഞ്ഞിലോനപ്പറമ്പിൽ മഹേഷ് ചന്ദ്രൻ (45) ആലുവ പൊലീസിന്റെ പിടിയിലായി.

'സൗഹൃദ കൂട്ടായ്മ" എന്ന വാട്സാപ്പ് ഗ്രൂപ്പിലുള്ളവരോട് താൻ സ്പെഷ്യൽ ബ്രാഞ്ച് പൊലീസുദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഗ്രൂപ്പിലുള്ളവരോട് ലോണുകൾ തരപ്പെടുത്തി തരാം, ചികിത്സാസഹായം ചെയ്തു തരാം എന്നിങ്ങനെ വാഗ്ദാനം നൽകി രേഖകൾ ശരിയാക്കുന്നതിന് എന്നു പറഞ്ഞു പണം വാങ്ങുകയായിരുന്നു രീതി. തട്ടിപ്പിന് ഇരയായവരുടെ പരാതിയിൽ ആലുവ ഈസ്റ്റ്‌ പൊലീസ് കേസെടുത്തു.

ചുണങ്ങേലിയിൽ എ.ബി.സി കമ്മ്യൂണിക്കേഷൻ എന്ന കേബിൾ നെറ്റ്‌വർക്ക് സ്ഥാപനത്തിൽ നാല് വർഷമായി പ്രതി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.