യുവതിയെ കടന്നുപിടിച്ച ഉദ്യേഗസ്ഥൻ അറസ്റ്റിൽ

Monday 15 September 2025 2:10 AM IST

കൊല്ലം: മദ്യലഹരിയിൽ യുവതിയുടെ കൈയിൽ കടന്നുപിടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊല്ലത്തെ ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടറായ ചവറ തെക്കുംഭാഗം മുട്ടത്ത് തെക്കതിൽ സന്തോഷ് തങ്കച്ചനാണ് (38) കുണ്ടറ പൊലീസിന്റെ പിടിയിലായത്.

ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ഇളമ്പള്ളൂർ ഗുരുദേവ ഓഡിറ്റോറിയത്തിലാണ് സംഭവം. സുഹൃത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവതിയെ കല്യാണശേഷം തിരികെ പോകാനായി കുഞ്ഞിനോടൊപ്പം പുറത്തിറങ്ങിയപ്പോൾ പിന്തുടർന്ന് കൈയിൽ കടന്നുപിടിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിനെ അസഭ്യം വിളിക്കുകയും ചെയ്തു. കല്യാണത്തിനെത്തിയവരാണ് ഇയാളെ തടഞ്ഞുവച്ച് കുണ്ടറ പൊലീസിന് കൈമാറിയത്. വൈദ്യപരിശോധനയ്ക്കായി കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസുകാരനായ സന്തോഷിനെയും കൈയേറ്റം ചെയ്തു. സി.പി.ഒ റിയാസിന് പരിക്കേറ്റു. ഇദ്ദേഹം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചത് കൂടാതെ പൊലീസുകാരനെ മർദ്ദിച്ചതുൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.