പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച ടാറ്റുആർട്ടിസ്റ്റ് അറസ്റ്റിൽ
പാലക്കാട്: 14 വയസുള്ള പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച ടാറ്റു ആർട്ടിസ്റ്റ് അറസ്റ്റിൽ. കൊല്ലം പുനലൂർ പടയണിപ്പാറ ബിപിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിനിയായ പെൺകുട്ടിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട് നഗ്നവീഡിയോ എടുക്കുകയും പിന്നീട് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പ്രതിയെ ഇന്നലെ പുലർച്ചെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിൽ നഗ്നചിത്രങ്ങൾ നിരവധി പേർക്ക് അയച്ച് കൊടുത്ത് പണം വാങ്ങിയെന്ന് കണ്ടെത്തി. സ്നാപ്പ്ചാറ്റ് വഴി പരിചയപ്പെട്ട പ്രതി തിരിച്ചറിയാത്ത തരത്തിൽ മൊബൈൽ സാങ്കേതിക ഉപയോഗിച്ചാണ് പെൺകുട്ടിയുമായി വിനിമയം നടത്തിയത്. ഇത് പ്രതിയെ കണ്ടെത്താൻ സങ്കീർണതകൾ സൃഷ്ടിച്ചു. പ്രതി സമാനരീതിയിൽ കോഴിക്കോട് തേഞ്ഞിപ്പാലത്ത് തട്ടിപ്പ് നടത്തി ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോസ്‌മെറ്റിക് സയൻസിൽ ബിരുദ പഠന വിദ്യാർത്ഥിയാണ് പ്രതി. എ.എസ്.പി രാജേഷ് കുമാർ, സൗത്ത് സി.ഐ വിപിൻകുമാർ, എസ്.ഐമാരായ വി.ഹേമലത, എം.സുനിൽ, എ.എസ്.ഐമാരായ ബിജു, നവോജ്, മഹേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.