വില കൂടിയത് രണ്ടര ഇരട്ടിയോളം: വെളിച്ചെണ്ണയിൽ 'തെന്നി" ആയുർവേദ മേഖല

Monday 15 September 2025 2:20 AM IST

തൃശൂർ: പൊള്ളുന്ന വെളിച്ചെണ്ണ വിലയിൽ പരുങ്ങി ആയുർവേദ മരുന്നു നിർമ്മാണ മേഖല. ആറു മാസത്തിനിടെ രണ്ടര ഇരട്ടിയാണ് (150 ശതമാനം വർദ്ധന) വില കൂടിയത്. ഇതുകാരണം ആയുർവേദ മരുന്ന് നിർമ്മാണം കുറയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് കമ്പനികൾ. ഇതോടെ ആയുർവേദ ഉത്പന്നങ്ങളുടെ ചില്ലറ വിൽപ്പന വിലയും ചികിത്സയ്‌ക്കെത്തുന്നവരുടെ സാമ്പത്തിക ഭാരവും കൂടി. വിദേശ, അന്യസംസ്ഥാന കയറ്റുമതി കുറഞ്ഞു. കഴിഞ്ഞ വർഷം ലിറ്ററിന് 160 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് നിലവിൽ 400- 450 വരെയാണ് വില.

ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞവിലയ്ക്ക് കിട്ടുമെന്നതിനാൽ എള്ളെണ്ണയിലേക്ക് മാറാനൊരുങ്ങുകയാണ് കമ്പനികൾ. വെളിച്ചെണ്ണ ചേരുന്ന മരുന്ന് ഒഴിവാക്കാനാണ് നീക്കം. ഇതു ഭാവിയിൽ നാളികേര കർഷകരെ ബാധിക്കും. മൂന്ന് പതിറ്റാണ്ട് മുൻപ് 90 ശതമാനം തൈലങ്ങളും എള്ളെണ്ണ ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. വെളിച്ചെണ്ണ കൊളസ്‌ട്രോൾ കൂട്ടുമെന്ന വ്യാജപ്രചാരണത്തെ നേരിടാൻ പിന്നീട് വെളിച്ചെണ്ണയാക്കുകയായിരുന്നു.

തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ മർമ്മ ചികിത്സാവിദഗ്ദ്ധർ മുറിവെണ്ണ വെളിച്ചെണ്ണയിൽ തയ്യാറാക്കിയതോടെ എള്ളെണ്ണയുടെ ഉപയോഗം കുറഞ്ഞു. നാൽപാമരാദി, നീലിഭൃംഗാദി തുടങ്ങിയ വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന മരുന്നുകൾക്ക് വൻ ഡിമാൻഡുണ്ടായി. 80 ശതമാനം മരുന്നുകളും വെളിച്ചെണ്ണയിലായി മാറി.

 ജി.എസ്.ടി ഒഴിവാക്കിയില്ല

വെളിച്ചെണ്ണയെ ഭക്ഷ്യ ഉത്പന്നമായി കണക്കാക്കണമെന്ന് ഡിസംബറിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വെളിച്ചെണ്ണയ്ക്ക് അഞ്ചു ശതമാനമാണ് ജി.എസ്.ടി. ഇത് ഒഴിവാക്കണമെന്നായിരുന്നു മരുന്നുനിർമ്മാതാക്കളുടെ ആവശ്യം. ഇത് നടപ്പാക്കാത്തതിനാൽ നിലവിൽ ജി.എസ്.ടിയും ഭാരമാണ്.

 4,000 കോടിയുടെ വിപണി  സംസ്ഥാനത്ത് ആയുർവേദ കമ്പനികൾ പ്രതിമാസം ഉപയോഗിക്കുന്ന വെളിച്ചെണ്ണ: 200 മുതൽ 250 ടൺ വരെ  ആയുർവേദ വ്യവസായത്തിന്റെ മൂല്യം: 4,000 കോടി  മരുന്നു നിർമ്മാതാക്കൾ: 800

 മരുന്ന് ഉത്പാദനത്തിന് ശുദ്ധമായ വെളിച്ചെണ്ണ വേണം. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്താൽ ഫലപ്രാപ്തിയെ ബാധിക്കും. വില കുറയ്ക്കാൻ സർക്കാർ ഇടപെടണം.

- ഡോ. ഡി.രാമനാഥൻ ജനറൽ സെക്രട്ടറി ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ