ചേർത്തലയിൽ വൻ കഞ്ചാവ് വേട്ട: 31കിലോകഞ്ചാവുമായി 3പേർ പിടിയിൽ
ചേർത്തല: മൊത്ത കച്ചവടത്തിനായി ട്രെയിനിലെത്തിച്ച 31കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. രണ്ട് സ്ഥലങ്ങളിൽ നിന്നാണ് കഞ്ചാവു പിടിച്ചെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പടെ മൂന്നു പശ്ചിമബംഗാൾ സ്വദേശികൾ പിടിയിലായി. രാവിലെ ചെന്നൈ–എഗ് മോർ ട്രെയിനിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 26 കിലോ കഞ്ചാവു പിടിച്ചെടുത്തത്. ചേർത്തല എക്‌സൈസ് സി.ഐ. ടി.എസ്.സുനിൽകുമാറാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെ മുതൽ എക്‌സൈസ് സംഘം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ അജ്റുൾ മുല്ല (35),സീമൂൾ(18) എന്നിവർ പിടിയിലായി. 27 പാക്കറ്റുകളിലായാണ് കഞ്ചാവ് സുക്ഷിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. അവരിൽ ഒരാളെന്ന സംശയത്തിൽ പിടികൂടിയ 17കാരനിൽ നിന്നാണ് അഞ്ചുകിലോ കഞ്ചാവ് പിടിച്ചെടുത്തത്. ചേർത്തല ഹൈവേ പാലത്തിന് സമീപത്ത് നിന്ന് എക്‌സൈസ് റേഞ്ച് ഇൻസ്പക്ടർ സി.എം.സുമേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളും പശ്ചിമ ബംഗാൾ സ്വദേശിയാണ്. സംഭവവുമായി ബന്ധപെട്ട് രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്.