കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം വാങ്ങിയില്ല: കൊച്ചുവേലായുധന് പ്രതിഷേധം
ചാഴൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം വാങ്ങാത്തതിൽ വേദനയുണ്ടെന്ന് പുള്ള് തയ്യാട്ട് കൊച്ചു വേലായുധൻ. വീടുവയ്ക്കാൻ സഹായം അഭ്യർത്ഥിച്ചപ്പോഴുണ്ടായ കേന്ദ്രമന്ത്രിയുടെ പ്രതികരണത്തെ കുറിച്ചാണ് വേലായുധൻ പറയുന്നത്. പ്രാദേശിക വികസനവിഷയങ്ങൾ അവതരിപ്പിക്കാൻ ജനങ്ങൾക്കായി പുള്ളിൽ വേദിയൊരുക്കിയ കലുങ്ക് സൗഹൃദ വികസന യോഗത്തിലാണ് സംഭവം.
ഞാനും മറ്റൊരാളും കൂടിയാണ് അപേക്ഷ നൽകാൻ പോയത് - വേലായുധൻ പറയുന്നു.
കൂടെയുണ്ടായിരുന്നയാൾക്കും അപേക്ഷ കൊടുക്കാനുണ്ടായിരുന്നു. എന്നെ മടക്കിയപ്പോൾ അയാളും അപേക്ഷ കൊടുത്തില്ല. എനിക്ക് മൈക്ക് വാങ്ങി പറയണമെന്നുണ്ടായിരുന്നു. പറയാനൊക്കെ എനിക്കുമറിയാം. വീട് വേണം, കിടക്കാൻ സ്ഥലമില്ല. ഓപ്പറേഷൻ കഴിഞ്ഞിട്ട് രണ്ട് കൊല്ലമായി. അത് മാത്രമായിരുന്നു നിവേദനത്തിലുണ്ടായിരുന്നത്'. കൊച്ചു വേലായുധൻ പറഞ്ഞു. ഇതൊന്നും എം.പിയുടെ ജോലിയേ അല്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. പോയി പഞ്ചായത്തിൽ പറയൂ' എന്നായിരുന്നു പ്രതികരണം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയയിൽ വൈറലായിരുന്നു. രണ്ടുവർഷം മുമ്പ് തെങ്ങ് വീണാണ് വേലായുധന്റെ വീട് തകർന്നത്. വീട് നിർമിക്കാനുള്ള സഹായത്തിനായാണ് വേലായുധൻ കേന്ദ്രമന്ത്രിയെ സമീപിച്ചത്. സുമനസുകൾ സഹായിക്കുമെന്ന് കരുതുന്നതായും കൊച്ചുവേലായുധൻ പറഞ്ഞു.
കൊച്ചുവേലായുധന്റെ വീട് സി.പി.എം നിർമ്മിക്കും
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നൽകിയ നിവേദനമടങ്ങിയ കവർ തുറന്നു നോക്കിയില്ലെന്ന് പരാതിപ്പെട്ട കൊച്ചുവേലായുധന്റെ വീട് സി.പി.എം നിർമ്മിച്ചു നൽകും. പുള്ളിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഉറപ്പു നൽകിയതായി സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ അറിയിച്ചു. കഴിഞ്ഞദിവസമാണ് പുള്ളിൽ കലുങ്ക് വികസന സംവാദം ബി.ജെ.പി സംഘടിപ്പിച്ചത്. ഇതിലാണ് പ്രദേശത്തെ താമസക്കാരനായ തായാട്ട് കൊച്ചുവേലായുധൻ നിവേദനവുമായെത്തിയത്. വീടിന്റെ നിർമ്മാണ പ്രവർത്തനം അടുത്തദിവസം ആരംഭിക്കും.