എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു

Monday 15 September 2025 2:25 AM IST

പാലക്കാട്: കുന്നത്തൂർമേട്ടിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. ആളപായമില്ല. ചെർപ്പുളശ്ശേരി മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്ത് മൂന്നു യുവാക്കൾ ഉണ്ടായിരുന്നു. ഏറെനേരം ആന പരിഭ്രാന്തി പടർത്തിയെങ്കിലും എലിഫന്റ് സ്‌ക്വാഡും പാപ്പാൻമാരും ചേർന്ന് ആനയെ തളച്ചു. ആനപ്പുറത്തിരുന്ന യുവാക്കളെ താഴെയിറക്കാനായി തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാന് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാവിലെ 10 മണിയോടെയാണ് ആന ഇടഞ്ഞത്. ഒമ്പത് ആനകളെ അണിനിരത്തിയുള്ള എഴുന്നെള്ളത്ത് പുരോഗമിക്കുമ്പോൾ ദയ ആശുപത്രിക്ക് സമീപത്തുവച്ച് ആന വിരണ്ടോടി പ്രദേശത്തെ ഒരു വീടിന്റെ പറമ്പിലേക്ക് കയറുകയായിരുന്നു. ആനയെ പരിചരിച്ചിട്ടുള്ള മറ്റൊരു പാപ്പാനെ എത്തിച്ച് ആനയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടർന്നെങ്കിലും അതും ഫലവത്തായില്ല. തുടർന്നാണ് എലിഫന്റ് സ്‌ക്വാഡ് എത്തിയത്.