അയ്യപ്പന് സമർപ്പണം പുല്ലാങ്കുഴൽ ജീവിതം
തൊടുപുഴ: സംസാരത്തിന് വിക്ക് വിലങ്ങിട്ടപ്പോൾ പുല്ലാങ്കുഴലായിരുന്നു അറക്കുളം പന്ത്റണ്ടാംമെെൽ വടക്കേടത്ത് വീട്ടിൽ ചെല്ലപ്പൻ മേസ്തിരിക്ക് ആശ്വാസമായത്. 78-ാംവയസിലും മേസ്തിരി പണിക്കൊപ്പം പുല്ലാങ്കുഴൽ വായന ചിട്ടയോടെ തുടരുന്നു.
15-ാം വയസിൽ മേസ്‌തിരി പണിക്കൊപ്പമാണ് പുല്ലാങ്കുഴൽ വായന സ്വയം പഠിക്കാൻ തുടങ്ങിയത്. 26-ാം വയസിൽ മൂന്നുമാസം വ്രതമെടുത്ത് കാനന പാതയിലൂടെ ശബരിമല ദർശനം നടത്തി വീട്ടിലെത്തിയപ്പോൾ വിക്ക് മാറി. ഇതോടെ കടുത്ത അയ്യപ്പഭക്തനായി. അയ്യപ്പനുള്ള സമർപ്പണമായി വീടിന് സമീപത്തെ അയ്യപ്പ ക്ഷേത്രത്തിൽ 'തേടിവരും കണ്ണുകളിൽ' എന്ന ഗാനം പുല്ലാങ്കുഴലിലൂടെ വായിച്ച് അരങ്ങേറ്റം നടത്തി. ഇപ്പോൾ നാട്ടിലെ എല്ലാ പരിപാടികൾക്കും ചെല്ലപ്പൻ പുല്ലാങ്കുഴലുമായി സജീവമാണ്.
എട്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷമാണ് കുടുംബം പോറ്റാൻ പിതാവ് വേലായുധനൊപ്പം മേസ്തിരിപ്പണിക്കിറങ്ങിയത്. നാട്ടിലെ ഉത്സവപ്പറമ്പിൽ നിന്ന് നാലണയ്‌ക്ക് വാങ്ങിയ പുല്ലാങ്കുഴലിലായിരുന്നു ആദ്യ പഠനം. പിന്നീട് സ്വന്തമായി പുല്ലാങ്കുഴൽ നിർമ്മിച്ചു. മേസ്തിരിപ്പണിക്കിടയിലും പുല്ലാങ്കുഴൽ പരിശീലിക്കുകയായിരുന്നു. ഭാര്യ രത്നമ്മയും മക്കളായ രാജേഷും സത്യനും നിർമ്മലയുമാണ് ചെല്ലപ്പന്റെ കരുത്ത്.
പ്രതിഫലം ചോദിച്ച് വാങ്ങില്ല
പരിപാടികൾക്ക് ക്ഷണിച്ചാൽ പ്രതിഫലം ചോദിച്ച് വാങ്ങാറില്ല. കലയിൽ കണക്ക് പാടില്ലെന്നാണ് ചെല്ലപ്പന്റെ നിലപാട്. എല്ലാം ദൈവാനുഗ്രഹമാണ്. നാട്ടുകാരുടെ പിന്തുണയും സ്നേഹവും വലുതാണെന്നും ചെല്ലപ്പൻ പറയുന്നു.