ക്രമക്കേടിന് വഴിതുറന്ന് പട്ടികജാതി ഫണ്ട് വിനിയോഗം
ആലപ്പുഴ: പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കോടികളുടെ സർക്കാർ ഫണ്ട് വിനിയോഗം ഫലപ്രദമല്ലെന്നും ഇത് ക്രമക്കേടുകൾക്ക് വഴിവയ്ക്കുന്നതായും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിലെ പ്രവൃത്തി പഠന സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് പരിഹാരമായി പട്ടികജാതി ക്ഷേമ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റുകൾ കേന്ദ്രീകരിച്ച് വികേന്ദ്രീകൃത ഓഡിറ്റിംഗ് വേണമെന്നും ശുപാർശ.
പട്ടികജാതി ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ആഭ്യന്തര ഓഡിറ്റിംഗ് വിഭാഗമാണ് പരിശോധന നടത്തേണ്ടത്. എന്നാൽ, ഡയറക്ടറേറ്റിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഓഡിറ്റ് വിഭാഗങ്ങളിൽ മതിയായ തസ്തികകളും ജീവനക്കാരുമില്ലാത്തതിനാൽ പരിശോധന അപര്യാപ്തമാണെന്നും കണ്ടെത്തി. അതിനാൽ ആവശ്യമായ തസ്തികകൾ സൃഷ്ടിച്ച് ജീവനക്കാരെ പുനർവിന്യസിക്കാനും ശുപാർശ ചെയ്തു.
പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ഓരോ വർഷവും നടപ്പാക്കുന്നത്. പ്ളാൻ, നോൺ ഫണ്ടുകളിൽ നിന്നും വിവിധ കേന്ദ്രാവിഷ്കൃത സ്കീമുകളിൽ നിന്നടക്കമാണ് ഇതിനായി തുക അനുവദിക്കുന്നത്. മതിയായ ഓഡിറ്റിംഗ് സംവിധാനങ്ങളുടെ അഭാവം വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതമായി മാറുന്നുവെന്നും കണ്ടെത്തൽ.
ഐ.ടി.ഐകൾ, പ്രീ- പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ, മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, നഴ്സറി സ്കൂളുകൾ, വിജ്ഞാൻവാടികൾ അടക്കം നിരവധി സ്ഥാപനങ്ങൾ പട്ടികജാതിക്ഷേമ വകുപ്പിന്റെ കീഴിലുണ്ട്.
കൃത്യമായ ഓഡിറ്റിംഗില്ല
1.കൃത്യവും സമയബന്ധിതവുമായ ഓഡിറ്റിംഗ് നടക്കാത്തതിനാൽ ക്രമക്കേടുകൾക്ക് ഇടയാക്കുന്നു
2.പദ്ധതികളുടെ നടത്തിപ്പിനും സുതാര്യതയ്ക്കും ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും യഥാസമയമുള്ള ഓഡിറ്റിംഗ് വേണം
3.പദ്ധതി നിർവഹണം, ഫലപ്രാപ്തി, മോണിറ്ററിംഗ്, പരാതി, പരിഹാരം തുടങ്ങിയവ വിലയിരുത്താനും ഓഡിറ്റിംഗ് അനിവാര്യം
ബഡ്ജറ്റ് വിഹിതം
(2024-25)
2,979.40 കോടി
പട്ടികജാതി ഉപപദ്ധതികൾക്ക്
859.50 കോടി
പട്ടികവർഗ വികസനത്തിന്
''വികേന്ദ്രീകൃത ഓഡിറ്റിംഗിനാണ് ശുപാർശ സമർപ്പിച്ചിട്ടുള്ളത്. ഇത് സർക്കാരിന്റെ പരിഗണനയിലാണ്
-ഉദ്യോഗസ്ഥ ഭരണ
പരിഷ്കാര വകുപ്പ്