പ്ലാസ്റ്റിക്കിന് പകരമുള്ള 'റൂട്ട് ട്രെയിനർ' തൈക്കൂടുകൾ വേണം, പക്ഷേ കിട്ടാനില്ല
തിരുവനന്തപുരം: പ്ലാസ്റ്റിക് കൂടുകൾക്ക് പകരം ചെടികൾ നടുന്നതിന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ചകിരിനാരുകൾ കൊണ്ടുള്ള റൂട്ട് ട്രെയിനർ തൈക്കൂടുകൾ ഹിറ്റാണെങ്കിലും വേണ്ടത്ര ഉത്പാദനമില്ലാതെ കിതയ്ക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് പറമ്പിക്കുളത്ത് പ്രത്യേക യൂണിറ്റ് ആരംഭിക്കുകയും പരിയാരം ഔഷധി, സ്വകാര്യ നഴ്സറികൾ തുടങ്ങിയവ ഏറ്റെടുക്കുകയും ചെയ്തെങ്കിലും വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണത്തിന് പ്രചാരം ലഭിക്കാത്തതിനാൽ പദ്ധതി ഇപ്പോഴും ബാലാവസ്ഥയിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിവർഷം 60 ലക്ഷം വൃക്ഷത്തൈകളാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇത്രയും തൈകൾ പ്ലാസ്റ്റിക് കൂടുകളിൽ നടുന്നത് മൂലമുള്ള പാരിസ്ഥിതിക പ്രശ്നം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കയർ ഫൈബറുകൾ കൊണ്ടുള്ള റൂട്ട് ട്രെയിനർ തൈക്കൂടുകൾ വികസിപ്പിച്ചത്. 2021-2022 കാലത്ത് മുഖ്യ വനം മേധാവിയായിരുന്ന പി.കെ.കേശവന്റെ നിർദ്ദേശാനുസരണം റിട്ട. ഫോറസ്റ്റ് കൺസർവേറ്റർ ഷെയ്ക്ക് ഹൈദർ ഹുസൈനാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത് വികസിപ്പിച്ചെടുത്തത്. ആദ്യഘട്ടത്തിൽ 4 ലക്ഷം തൈക്കൂടുകൾ ഉത്പാദിപ്പിക്കുകയും ചെയ്തു.
ഗുണമേന്മ കൂടുതൽ
ചകിരിനാരുകൾ കൊണ്ടുള്ള രണ്ട് ഷീറ്റുകളെ ഉന്നത മർദ്ദത്തിൽ പ്രത്യേക അച്ചുകളിൽ ചൂടാക്കി അമർത്തിയെടുത്താണ് റൂട്ട് ട്രെയിനറുകൾ തയ്യാറാക്കുന്നത്. റൂട്ട് ട്രെയിനർ സഹിതമാണ് ചെടി നടുക. ചകിരി മണ്ണിൽ ലയിച്ച് മണ്ണിന്റെ ഈർപ്പം നിലനിറുത്താനുള്ള കഴിവും ഫലഭുയിഷ്ടിത വർദ്ധിപ്പിക്കുകയും ചെയ്യും. റൂട്ട് ട്രെയിനറുകളിൽ വായുസഞ്ചാരം കൂടുതൽ ലഭിക്കുന്നതിനാൽ വേരുകൾക്ക് കരുത്ത് കൂടുകയും തായ്‌വേര് നന്നായി വളരുകയും ചെയ്യും.
ലക്ഷ്യം അവതാളത്തിൽ
പറമ്പിക്കുളത്ത് ആരംഭിച്ച യൂണിറ്റിൽ പ്രതിവർഷം 25 ലക്ഷം തൈക്കൂടുകൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടത്. കൊവിഡ് കാലത്ത് കയർ ഷീറ്റുകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറികൾ പ്രവർത്തിക്കാതായത് പദ്ധതിയെ ബാധിച്ചു. പുതിയ ഫാക്ടറി ആരംഭിക്കുന്നതിനെ കുറിച്ച് വനംവകുപ്പ് ആലോചിച്ചിരുന്നെങ്കിലും പ്രവർത്തന മൂലധനം പ്രശ്നമായതോടെ അതും ഉപേക്ഷിച്ചു.