30 ലക്ഷം വരെ ചെലവിൽ കൃഷി, ആദ്യഘട്ടത്തിലെ വിജയത്തിന് ശേഷം രണ്ടാംഘട്ടത്തിന് തുടക്കം, നേട്ടം കർഷകർക്ക്
രണ്ടാംഘട്ടത്തിന് തുടക്കം
കോഴിക്കോട്: ജില്ലയെ കൂൺഗ്രാമങ്ങളാക്കാൻ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള നടപ്പിലാക്കുന്ന 'സമഗ്ര കൂൺഗ്രാമം പദ്ധതി' രണ്ടാംഘട്ടത്തിലേക്ക്. അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കാർഷിക ബ്ലോക്കുകളിലാണ് രണ്ടാംഘട്ട പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കർഷകർ, കർഷക സംഘങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. ഒരു ഗ്രാമത്തിൽ 100 ചെറുകിട കൂൺകൃഷി യൂണിറ്റുകളും രണ്ട് വലിയ കൂൺ ഉത്പാദക യൂണിറ്റുകളുമാണുണ്ടാകുക. ഇത്തരത്തിൽ 500 ചെറുകിട യൂണിറ്റുകളും 10 വൻകിട യൂണിറ്റുകളും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഓയിസ്റ്റർ മഷ്റൂം, മിൽക്കി മഷ്റൂം എന്നിവയാണ് കൃഷിചെയ്യുക. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ കാർഷിക സർവകലാശാല, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ വഴി ആവശ്യമായ പരിശീലനം ലഭിക്കും.
ആദ്യഘട്ടത്തിൽ
വിജയം 50 %
ആദ്യഘട്ടത്തിൽ തൂണേരി, ചേളന്നൂർ എന്നിവിടങ്ങളിലായി 200 ചെറുകിട യൂണിറ്റുകളും നാല് വൻകിട യൂണിറ്റുകളും ആരംഭിക്കാൻ ലക്ഷ്യമിട്ടതിൽ 73 ചെറുകിട യൂണിറ്റുകളും മൂന്ന് വൻകിട യൂണിറ്റുകളും ആരംഭിച്ചു. എടച്ചേരി, പുറമേരി, നാദാപുരം, ചെക്കിയാട്ട്, വളയം, വാണിമേൽ, തൂണേരി പഞ്ചായത്തുകളിൽ 49 ചെറുകിട യൂണിറ്റുകളാണ് പൂർത്തിയായത്. പുറമേരി പഞ്ചായത്തിൽ ഒരു വൻകിട യൂണിറ്റും വാണിമേൽ, പുറമേരി പഞ്ചായത്തുകളിൽ രണ്ട് കമ്പോസ്റ്റ് യൂണിറ്റും പൂർത്തീകരിച്ചു. ചേളന്നൂർ ബ്ലോക്കിലെ കാക്കൂർ, കക്കോടി, നരിക്കുനി, നന്മണ്ട, തലക്കുളത്തൂർ, ചേളന്നൂർ പഞ്ചായത്തുകളിലായി 24 ചെറുകിട യൂണിറ്റുകളും രണ്ട് വൻകിട കൂൺ ഉത്പാദന യൂണിറ്റുകളും പൂർത്തിയായി. കക്കോടി, കാക്കൂർ എന്നിവിടങ്ങളിൽ ഒരു കൂൺ സംസ്കരണ യൂണിറ്റ്, ഒരു പാക്ക് ഹൗസ് എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുന്നു.
പദ്ധതി ഇങ്ങനെ
ഒരു ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളെ ചേർത്താണ് കൂൺഗ്രാമം നടപ്പിലാക്കുന്നത്. ചെറുതും വലുതുമായ ഉത്പാദക യൂണിറ്റുകളും , വിത്തുത്പാദന കേന്ദ്രങ്ങളും,കൂൺ കമ്പോസ്റ്റ് യൂണിറ്റ്, സംസ്കരണ യൂണിറ്റ്, പായ്ക്ക് ഹൗസ് കേന്ദ്രങ്ങളുണ്ടാകും. കർഷകർക്ക് രാഷ്ട്രീയ കൃഷിവികാസ് യോജനയിലൂടെ സഹായ ധനം ലഭിക്കും. 30.25 ലക്ഷമാണ് ചെലവ്. ചെലവിന്റെ 40, 50 ശതമാനം സബ്സിഡി ലഭിക്കും. ഉത്പന്നങ്ങൾ കൃഷി വകുപ്പിന്റെ വിവിധ ഔട്ട് ലെറ്റുകൾ വഴി വിപണനം ചെയ്യാം.
സമഗ്ര കൂൺ ഗ്രാമം
ചെറുകിട കൂൺ ഉത്പാദക യൂണിറ്റ്- 100
വലിയ കൂൺ ഉത്പാദക യൂണിറ്റ്- 2
ചെറുകിട കൂൺ വിത്തുല്പാദക യൂണിറ്റ്- 1
കൂൺ കമ്പോസ്റ്റ് യൂണിറ്റ്- 10
പായ്ക്ക് ഹൗസ്- 2 സംസ്കരണ യൂണിറ്റ്- 3
''പോഷക സുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിന് കൂൺ മികച്ചതാണ്. പദ്ധതിയിലൂടെ കർഷക കൂടുംബങ്ങളുടെ ഉപജീവനത്തിന് അധിക വരുമാനവുമാകും''- അബ്ദുൾ മജീദ്, ജില്ലാ കൃഷി ഓഫീസർ
രണ്ടാംഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്ന മണ്ഡലങ്ങൾ
ബേപ്പൂർ, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, കൊടുവള്ളി, തിരുവമ്പാടി