വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് സ്ഥലംമാറ്റം, പുതിയ നിയമനം തിരുവനന്തപുരത്ത്
തൃശൂർ: മൂന്ന് കെഎസ്യു പ്രവർത്തകരെ മുഖംമൂടിയും വിലങ്ങുമണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം വിവാദമായതിന് പിന്നാലെ എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം. വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന് തിരുവനന്തപുരത്തേക്കാണ് സ്ഥലംമാറ്റം.
കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നാണ് എ.ഡി.ജിപി: എസ്.ശ്രീജിത്തിന്റെ ഉത്തരവിറങ്ങിയത്. കെ.എസ്.യു പ്രവർത്തകരെ മുഖംമൂടി അണിയിച്ച സംഭവത്തിൽ ഇന്ന് കോടതിക്ക് മുൻപിൽ പ്രതികളെ ഹാജരാക്കാനിരിക്കെയാണ് എസ്എച്ച്ഒയുടെ സ്ഥലംമാറ്റം. അടിയന്തരമായി പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.
ക്രമസമാധാന പാലനത്തിൽ നിരന്തരം വീഴ്ച വരുത്തുന്ന ഷാജഹാനെതിരെ സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. മുഖംമൂടി അണിയിച്ചതിനാലാണ് നടപടിയെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല. നിലവിൽ രണ്ട് അച്ചടക്ക നടപടികൾ നേരിടുന്നയാളാണ് ഷാജഹാൻ.