71000 കോടിയുടെ നിക്ഷേപം, ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ; ഇവിടെയുളളവരുടെ ഭാഗ്യം തെളിഞ്ഞു

Monday 15 September 2025 10:18 AM IST

മുംബയ്: ജനങ്ങൾക്കായി ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ വാഗ്‌ദാനം ചെയ്ത് മഹാരാഷ്ട്ര സർക്കാർ. ഇന്ത്യയിലെത്തന്നെ വൻകിട കമ്പനികളാണ് സർക്കാരുമായിചേർന്ന് പുതിയ വ്യവസായ പദ്ധതികൾ അവതരിപ്പിച്ചിരിക്കുന്നത്. റിലയൻസും അദാനി ഗ്രൂപ്പുമാണ് മുൻനിരയിലുളളത്. നാഗ്‌പൂർ ജില്ല കേന്ദ്രീകരിച്ചാണ് കൂടുതൽ പദ്ധതികളും ഒരുങ്ങുന്നത്.

നാഗ്പൂരിലെ കൽമേശ്വറിലെ ലിംഗ ഗ്രാമത്തിൽ കൽക്കരി വ്യവസായവുമായി ബന്ധപ്പെട്ട് ഡൗൺസ്ട്രീം ഡെറിവേ​റ്റീവുകൾ സ്ഥാപിക്കുന്നതിനായി അദാനി എന്റർപ്രൈസ് ലിമി​റ്റഡ് 70,000 കോടി രൂപ നിക്ഷേപിക്കും. ഇത് 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടിലുളളത്. എന്നാൽ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമി​റ്റഡ് പുതിയ പദ്ധതിക്കായി 1,513 കോടി രൂപയാണ് നിക്ഷേപിക്കുന്നത്.

കടോൾ നഗരത്തിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളും പാനീയങ്ങളും നിർമിക്കുന്നതുമായി ബന്ധപ്പെട്ടുളള ഒരു സംയോജിത സൗകര്യം സ്ഥാപിക്കാനാണിത്. ഇതിലൂടെ ഏകദേശം 500 തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. മഹാരാഷ്ട്രയിലുടനീളം വൻകിട വ്യവസായങ്ങൾ വ്യാപിപ്പിക്കുന്നതിന് മുന്നോടിയായാണ് അദാനി ഗ്രൂപ്പും റിലയൻസും പദ്ധതികൾ അവതരിപ്പിച്ചിരിക്കുന്നത്. ഇവകൂടാതെ വിവരസാങ്കേതിക യൂണി​റ്റുകൾ. ഭക്ഷ്യ സംസ്‌കരണ യൂണി​റ്റുകൾ. വെയർഹൗസുകൾ, ഡാ​റ്റ സെന്ററുകൾ, ലോജിസ്​റ്റിക്സ് ഹബ്ബുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതിനായി വിവിധ കമ്പനികളുമായി സർക്കാർ 1,08,599 കോടി രൂപയുടെ വിവിധ പദ്ധതികളിൽ ഒപ്പുവച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയിൽ നിക്ഷേപകരും വ്യവസായ മേഖലയും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. വ്യവസായത്തിന്റെയും നിക്ഷേപകരുടെയും പ്രതീക്ഷകൾ നിറവേ​റ്റാൻ സംസ്ഥാന സർക്കാർ എപ്പോഴും തയ്യാറാണ്. മഹാരാഷ്ട്രയിൽ നിക്ഷേപം നടത്തുന്നതിൽ സംരംഭകർക്ക് നല്ല അനുഭവം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

'പുതിയ പദ്ധതികളിലൂടെ 47,000 തൊഴിലവസരങ്ങൾ ഉണ്ടാകും. താനെ ജില്ലയിൽ അംബർനാഥിൽ ഗ്രീൻ ഇന്റഗ്രേ​റ്റഡ് ഡാ​റ്റാ സെന്റർ പാർക്ക് നിർമിക്കുന്നതിനായി ലോധ ഡെവലേപ്പേഴ്സ് ലിമി​റ്റ് 30,000 കോടി നിക്ഷേപിക്കും. പോളിപ്ലെക്സ് കോർപ്പറേഷൻ ലിമി​റ്റഡ് നന്ദുർബാറിൽ 286 കോടി രൂപ മുതൽമുടക്കിൽ ഒരു പോളിമെറിൽ ഉൽപ്പന്ന പദ്ധതി സ്ഥാപിക്കും. ഇത് 600 തൊഴിലവസരങ്ങൾ സൃഷ്ടിക്കും'- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.