കണ്ണടച്ച് തുറക്കുംമുമ്പ് നിറം മാറി, മണവും വന്നു; പുറത്തുനിന്ന് ജ്യൂസ് കഴിക്കുന്നവർ ശ്രദ്ധിക്കുക, ഞെട്ടിക്കുന്ന വീഡിയോ
വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ ദാഹിക്കുന്ന നിരവധി പേരുണ്ട്. ലൈമോ, ജ്യൂസോ വാങ്ങിക്കഴിച്ചാലേ പലർക്കും തൃപ്തിയാകുകയുള്ളൂ. അത്തരത്തിൽ പുറത്തുനിന്ന് ജ്യൂസും മറ്റും കഴിക്കുന്നവരെ പേടിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. റോഡരികിൽ നിന്ന് മുസാമ്പി ജ്യൂസ് ഉണ്ടാക്കുന്ന യുവാവാണ് വീഡിയോയിലുള്ളത്. എന്നാൽ എങ്ങനെയാണ് ഇയാൾ ജ്യൂസ് തയ്യാറാക്കുന്നതെന്നറിഞ്ഞതോടെ ചുറ്റുമുള്ളവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ജ്യൂസിൽ മുസമ്പി പോയിട്ട് അതിന്റെ തൊലി പോലും യുവാവ് ഉപയോഗിക്കുന്നില്ലെന്നതാണ് ആശ്ചര്യം.
ജ്യൂസ് എങ്ങനെ തയ്യാറാക്കുന്നുവെന്ന് കാണിക്കാൻ ഒരു കൂട്ടം ആളുകൾ യുവാവിനോട് ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തുടർന്ന് യുവാവ് ഒരു വെള്ളപ്പൊടിയെടുത്ത് ഗ്ലാസിൽ ഇടുകയാണ്. ശേഷം അതിലേക്ക് വെള്ളമൊഴിച്ച് നന്നായി യോജിപ്പിക്കുന്നു. കണ്ണടച്ചുതുറക്കുന്ന സമയത്തിനുള്ളിൽ വെള്ളത്തിന്റെ നിറം മാറി മുസമ്പി ജ്യൂസ് പോലെയാകുന്നു. കൂടാതെ മുസമ്പി ജ്യൂസിന്റെ അതേ മണവും ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
തുടർന്ന് ജനങ്ങൾ വിൽപ്പനക്കാരനോട് ഇത് കഴിക്കാൻ നിർബന്ധിക്കുകയാണ്. നിവൃത്തിയില്ലാതെ അയാൾ അത് കഴിക്കുന്നതും വീഡിയോയിലുണ്ട്. ഈ പൊടി കെമിക്കലല്ലെന്നും ജ്യൂസ് തയ്യാറാക്കുന്ന മിക്സ് ആണെന്നുമാണ് യുവാവ് വാദിക്കുന്നത്.
റോഡ് സൈഡിൽ നിന്ന് ഇത്തരം പാനീയങ്ങൾ വാങ്ങുമ്പോൾ എപ്പോഴും ജാഗ്രത പാലിക്കുക എന്ന മുന്നറിയിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇത് വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി. നിരവധി പേരാണ് ജ്യൂസിന്റെ ഗുണമേന്മയെപ്പറ്റി മുന്നറിയിപ്പ് തരുന്നത്. ഇത്തരം ജ്യൂസുകൾ കഴിക്കുന്നത് ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്നും ആളുകൾ അഭിപ്രായപ്പെടുന്നു.
എന്നാൽ ചുരുക്കം ചിലർ യുവാവിനെ പിന്തുണച്ചുകൊണ്ടും കമന്റ് ചെയ്തിട്ടുണ്ട്. വലിയ വലിയ കമ്പനികൾ പാക്ക് ചെയ്ത ജ്യൂസുകൾ വിൽക്കുമ്പോൾ ഇത്തരം ചോദ്യം ചെയ്യലുകൾ ഉണ്ടാകാറില്ലെന്നാണ് അവർ അഭിപ്രായപ്പെടുന്നത്.