ട്രെയിൻ വരുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്; എട്ടിന്റെ പണിയാണ് കാത്തിരിക്കുന്നത്, തടവ് ശിക്ഷവരെ കിട്ടിയേക്കും
കൊച്ചി: ജില്ലയിൽ ഈ വർഷം ഇതുവരെ റെയിൽപാളത്തിൽ പൊലിഞ്ഞത് 32 ജീവനുകൾ. ഇതിൽ 24 പേർ മരിച്ചത് നഗര പരിധിക്കിടയിൽ വച്ചാണ്. പെരുമ്പടപ്പ് സ്വദേശിയായ യുവാവാണ് ഒടുവിൽ മരിച്ചത്. 39കാരൻ രാത്രി ട്രെയിന് മുന്നിലേക്ക് എടുത്തുചാടി ജീവനൊടുക്കുകയായിരുന്നു. പാളം മുറിച്ചു കടക്കുന്നതിനിടെയായാണ് കൂടുതൽപ്പേരും അപകടത്തിൽപ്പെടുന്നത്. ആത്മഹത്യയ്ക്കും കുറവില്ല. ട്രെയിൻ തട്ടി ഗുരുതരാവസ്ഥയിലായവരുടെ എണ്ണവും വളരെക്കൂടുതലാണ്.
കളമശേരിയാണ് ജില്ലയിൽ ഹോട്ട് സ്‌പോട്ട്. ഇവിടെ മാത്രം എട്ടുപേരുടെ ജീവനുകൾ പൊലിഞ്ഞു. കളമശേരിയിൽ എച്ച്.എം ടി ജംഗ്ഷൻ, സൗത്ത് കളമശേരി, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വട്ടേക്കുന്നം എന്നിവിടങ്ങളിലെല്ലാം ആളുകൾ റെയിലിനു കുറുകെ കടക്കുന്നതു പതിവാണ്. വട്ടേക്കുന്നത്ത് ലെവൽക്രോസ് ഒഴിവാക്കി തുരങ്കപാതയും സൗത്ത് കളമശേരിയിൽ മേൽപാലവും നിർമ്മിച്ചിട്ടുണ്ടെങ്കിലും കാൽനട യാത്രക്കാർ പാളം കുറുകെ കടന്നാണ് പോകുന്നത്. ജില്ലയിലെ മറ്റ് മേഖലകളിലും സ്ഥിതി ഇതുതന്നെ.
പാളം മുറിച്ച് കടന്നാൽ ആറുമാസം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. വേലികളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് ഒരു പരിധിവരെ പാളം മുറിച്ചുകടക്കുന്നത് തടയാൻ കഴിഞ്ഞിട്ടുണ്ട്. ഇതൊന്നും ഗൗനിക്കാതെ എളുപ്പത്തിനായി ട്രാക്ക് മറികടന്നുപോകുന്നത് പതിവ് കാഴ്ചയാണ്. പാളം മുറിച്ചുകടക്കുന്നത് ഒഴിവാക്കാൻ ആർ.പി.എഫിന്റെ നേതൃത്വത്തിൽ ബോധവത്കണം ശക്തമാക്കിയിട്ടുണ്ട്.
ശബ്ദം കുറഞ്ഞു, വേഗം കൂടി
അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്നതിൽ അശ്രദ്ധയാണ് പ്രധാന വില്ലൻ. തീവണ്ടികളുടെ എണ്ണം കൂടിയതും വേഗം കൂടിയതും ശബ്ദം കുറഞ്ഞതും അപകടം കൂടാൻ കാരണമായതായി റെയിൽവേ വൃത്തങ്ങൾ പറയുന്നു.
മറ്റ് കാരണങ്ങൾ
പാളത്തിലൂടെ നടക്കുക
വണ്ടി വരുമ്പോൾ പാളം മുറിച്ച് കടക്കുക
ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുക
വാതിലിന് സമീപത്ത് നിന്ന് യാത്ര ചെയ്യുക
2811 ജീവനുകൾ കഴിഞ്ഞ രണ്ടരവർഷത്തിനിടയിൽ കേരളത്തിൽ മാത്രം 2811 പേരുടെ ജീവനാണ് പാളങ്ങളിൽ പൊലിഞ്ഞത്. 2022ൽ 1034 പേരും 2023ൽ 1357 പേരും ഈ വർഷം ഓഗസ്റ്റ് വരെ 420 ആളുകളും മരിച്ചതായാണ് കണക്ക്.
സ്ഥലം - മരണം കളമശേരി - 8 നോർത്ത് -6 ഇടപ്പള്ളി -6 തൃപ്പൂണിത്തുറ -4 കുമ്പളം -4 സൗത്ത് - 3 കറുകുറ്റി -1