'ഇവിടെ എന്തും നടക്കും'; ഇന്ത്യ എന്തുകൊണ്ട് അമേരിക്കയേക്കാൾ മികച്ചതെന്ന വീഡിയോയുമായി യുവതി

Monday 15 September 2025 12:45 PM IST

ഇന്ത്യയിലെ ജീവിതത്തെക്കുറിച്ച് ഒരു അമേരിക്കൻ വനിത പങ്കുവച്ച സമൂഹമാദ്ധ്യമ പോസ്റ്റ് വൈറലാവുന്നു. കണ്ടന്റ് ക്രിയേറ്റർ ക്രിസ്റ്റൻ ഫിഷർ പങ്കുവച്ച പോസ്റ്റാണ് വൈറലാവുന്നത്. നാലുവർഷം മുൻപ് ക്രിസ്റ്റനും കുടുംബവും ഇന്ത്യയിലേയ്ക്ക് താമസം മാറിയിരുന്നു. ഇപ്പോഴിതാ താൻ ഇന്ത്യയെ ഇഷ്ടപ്പെടുന്നതിന്റെ മറ്റൊരു കാരണം പങ്കുവച്ചിരിക്കുകയാണ് ഫിഷർ.

തനിക്ക് ഇന്ത്യയിൽ ഇഷ്ടപ്പെട്ട മറ്റൊരു കാര്യം എന്ന ആമുഖത്തോടെയാണ് ഫിഷർ വീഡിയോയിൽ സംസാരിക്കുന്നത്. 'ഇന്ത്യയിൽ ജീവിക്കുമ്പോഴുള്ള മികച്ച കാര്യങ്ങളിലൊന്ന് എന്താണെന്നുവച്ചാൽ, ഇവിടെ എന്തുകാര്യം തകരുകയോ നശിക്കുകയോ ചെയ്താലും അത് പഴയപടിയാക്കിയെടുക്കാൻ സാധിക്കും. എന്റെ കെറ്റിൽ പൊട്ടിപ്പോയി. ഞാൻ അത് ഒരു റിപ്പയറിംഗ് ചെയ്യുന്ന ആളുടെ പക്കൽ എത്തിച്ചു. വെറും 30 രൂപയ്ക്ക് അദ്ദേഹം എനിക്കത് ശരിയാക്കി തന്നു. ഇപ്പോഴത് പഴപടി പ്രവർത്തിക്കുന്നുണ്ട്'- എന്നാണ് അമേരിക്കൻ വനിത വീഡിയോയിൽ പറയുന്നത്. ഇതുസംബന്ധിച്ച ഒരു കുറിപ്പും അവർ പങ്കുവച്ചിട്ടുണ്ട്.

'അമേരിക്കയിൽ എന്തെങ്കിലും സാധനം ചീത്തയായാൽ, ആളുകൾ പുതിയതൊന്ന് വാങ്ങുകയാണ് പതിവ്. അവിടെ സാധനങ്ങൾ റിപ്പയർ ചെയ്യുന്നതിന് പുതിയതൊന്ന് വാങ്ങുന്നതിനേക്കാൾ പണം കൊടുക്കേണ്ടി വരും. എന്നാൽ ഇന്ത്യയിൽ എവിടെയും നിങ്ങൾക്ക് റിപ്പയർ കടകൾ കാണാൻ സാധിക്കും. എന്തുസാധനവും വളരെ കുറഞ്ഞ ചെലവിൽ നന്നാക്കാനും സാധിക്കും. ഉപകരണങ്ങൾ, ഷൂസ്, ഫോൺ, വസ്ത്രങ്ങൾ എന്നിങ്ങനെ എന്തും നന്നാക്കിയെടുക്കാം. അമേരിക്കയേക്കാൾ എന്തുകൊണ്ടാണ് ഇന്ത്യയിൽ കൂടുതൽ വിഭവങ്ങൾ ഉള്ളത് എന്നതിന്റെ കാരണമാണിത്'- എന്നാണ് ഫിഷർ കുറിപ്പിൽ പറയുന്നത്.