'അവൻ ഞെട്ടി, ദൈവമേ...അതായിരുന്നോ ഡോ. ജോസ് ചാക്കോ പെരിയപ്പുറം'; ഹൃദയസ്പർശിയായ കുറിപ്പുമായി ജയസൂര്യ
കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ 48 മണിക്കൂറിനിടെ രണ്ട് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നത്. ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകൾ നടന്നത്. ഇപ്പോഴിതാ ഈ ഡോക്ടറെക്കുറിച്ച് നടൻ ജയസൂര്യ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇത്രയും സങ്കീർണമായ ശസ്ത്രക്രിയ നടക്കുന്ന ഡോക്ടറുടെ ലാളിത്യത്തെക്കുറിച്ചാണ് ജയസൂര്യ കുറിപ്പിൽ പറയുന്നത്. ഡോക്ടർക്കൊപ്പമുള്ള കുടുംബ ചിത്രവും ജയസൂര്യ പങ്കുവച്ചിട്ടുണ്ട്.
ജയസൂര്യയുടെ വാക്കുകളിലേക്ക്
ഞാനും , ഒരു സുഹൃത്തും കൂടി എന്റെ ഫ്ളാറ്റിലെ ലിഫ്റ്റ് ഇറങ്ങി കാർ പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ , രണ്ടു കൈയ്യിലും സഞ്ചിയൊക്കെ പിടിച്ച് , ഒരു ഷോർട്ട് സ്ലീവ് ടീ ഷർട്ടും , ട്രാക്ക് പാന്റുമൊക്കെയിട്ട് ഒരാൾ നടന്ന് വരുന്നു . കണ്ട ഉടനെ തന്നെ അദ്ദേഹം ; ങ്ങാ..ജയസൂര്യേ... എന്നാ ഉണ്ട്? ഇന്ന് ഷൂട്ടിങ്ങില്ലേ .....? : ങ്ങാ.. ഇന്നില്ല ഡോക്ടറേ..... ഡോക്ടർ എവിടെ പോയതാ ? ഞാനും ചോദിച്ചു : ഞാൻ എന്റെ ഫാം ഹൌസ് വരെ പോയതാ , നല്ല കൊറച്ച് റംമ്പൂട്ടാനുണ്ട് ഞാൻ ജെയ്മിയോട് പറഞ്ഞേക്കാം സരിതയുടെ കൈയില് കൊറച്ച് കൊടുത്തേക്കാൻ : ഓ താങ്ക്യൂ ഡോക്ടർ, അപ്പോ ഞങ്ങള് കഴിച്ചിട്ട് വിളിക്കാം. എന്റെ ഫ്രണ്ടിനെ കണ്ടതും മൂപ്പര് ചോദിച്ചു..ഇതാരാ.? : എന്റെ ഫ്രണ്ടാ ഒരു കഥ പറയാൻ വന്നതാ... : ok അപ്പൊ എല്ലാം നന്നായി നടക്കട്ടെ!! God Bless you!! എന്ന് പറഞ്ഞ് പുള്ളി ലിഫ്റ്റിന്റെ ഭാഗത്തേക്ക് പോയി. എന്റെ സുഹൃത്ത് എന്നോട് ചോദിച്ചു : അതാരാ ചേട്ടാ പള്ളീലച്ചനെ പോലെയുള്ള ആള് ? ഡോക്ടറാ? ഞാൻ പറഞ്ഞു : ങ്ങാ.. ഡോക്ടറാ... പേര് പറഞ്ഞാ നീ ചെലപ്പോ അറിയും " ജോസ് ചാക്കോ പെരിയാപുരം" അവൻ ഞെട്ടി : ദൈവമേ... അതായിരുന്നോ ജോസ് ചാക്കോ പെരിയാപുരം ?? ഇത്രയും സിംപിൾ ആയിട്ടുള്ള മനുഷ്യനോ? 'അവൻ ഞെട്ടിയതിൽ അത്ഭുതപ്പെടാനില്ല 'കാരണം.. സ്വന്തം ജോലി ചിലപ്പോ അലങ്കാരമായും, അഹങ്കാരമായും കൊണ്ടു നടക്കുന്ന ഈ കാലഘട്ടത്തിൽ .. 22500 -ലധികം ഹൃദയ ശസ്ത്രക്രീയകളും ,32 ഹൃദയം മാറ്റി വെയ്ക്കൽ ശസ്ത്രക്രിയകളും , കൂടാതെ പത്മശ്രീയും ,പത്മഭൂഷൺ ബഹുമതികളൊക്കെ ലഭിച്ച ഈ മനുഷ്യൻ ഇത്രയും ഭാരമില്ലാതെ എങ്ങനെ ജീവിക്കുന്നു എന്നുള്ളത് അത്ഭുതകരമായ ഒരു കാഴ്ച തന്നെയാണ്. ഞാൻ എന്റെ സുഹൃത്തിനോട് പറഞ്ഞു : ടാ, മാത്രമല്ല ഇത്രയും തിരക്ക് പിടിച്ച് നടക്കുന്ന ഈ മനുഷ്യനാണ് ഈ ഫ്ളാറ്റിലെ പ്രസിഡണ്ട് അറിയോ നിനക്ക്.. അവൻ ശരിക്കും ഞെട്ടി : എന്റെ പൊന്നേ..ഇങ്ങേര് ഒരു വൻ പുലി ആണല്ലോ ചേട്ടാ... ഞാൻ അവനെ നോക്കി വെറുതെ ചിരിച്ചതേയുള്ളൂ. ഒരാൾ അധ്വാനിച്ച് നേടിയത് അവന്റെ കഴിവ് കൊണ്ട് മാത്രമല്ല . ദൈവം തന്ന സമ്മാനം കൂടിയാണ് എന്ന് തിരിച്ചറിയാനുള്ള മാനസിക വികാസം ഉള്ളവനേ ദൈവം വീണ്ടും വീണ്ടും സമ്മാനങ്ങൾ നൽകൂ.. എന്ന തിരിച്ചറിവും അദ്ദേഹത്തിൽ നിന്നും പഠിക്കാൻ സാധിക്കും. ഹൃദയത്തിൽ ദൈവീകതയുടെ പ്രകാശം നിറഞ്ഞ് തുളുമ്പുന്നവരെ നമുക്ക് എന്ത് പറഞ്ഞ് വിശേഷിപ്പിക്കാനാകും!!! Congratulations!!! "Doctor Jose Chako Periyapuram" ഹൃദയപൂർവ്വം ജയസൂര്യ