കാറും മിനിലോറിയും കൂട്ടിയിടിച്ചു; കണ്ണൂരിൽ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം, ഭർത്താവിനും മക്കൾക്കും പരിക്ക്
Monday 15 September 2025 3:24 PM IST
കണ്ണൂർ: കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അദ്ധ്യാപിക മരിച്ചു. കണ്ണൂർ കുറുവയിലാണ് സംഭവം. കൽപ്പറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്കൂൾ ഐടി അദ്ധ്യാപികയും ഡിവൈഎഫ്ഐ വെങ്ങപ്പള്ളി ചോലപ്പുറം യൂണിറ്റ് പ്രസിഡന്റുമായിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ശ്രീനിതയ്ക്കും ഭർത്താവ് ജിജിലേഷിനും ഇവരുടെ രണ്ട് കുട്ടികൾക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30ഓടെയാണ് ശ്രീനിത മരിച്ചത്. ജിജിലേഷിന്റെയും കുട്ടികളുടെയും പരിക്ക് ഗുരുതരമല്ല.