നികുതിയിളവ് തേടി സി.പി.ആർ സിനിമ

Tuesday 16 September 2025 12:42 AM IST
ആവിഷ്‌കാര മീഡിയ പബ്ലിക് അവേർനസ് ട്രസ്റ്റ്

കൊച്ചി: ഹൃദയാഘാതമുണ്ടാകുമ്പോൾ ജീവൻ രക്ഷിക്കാൻ നൽകുന്ന പ്രാഥമിക ശുശ്രൂഷയായ സി.പി.ആറിനെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ട് നിർമ്മിച്ച സിനിമയ്ക്ക് അണിയറപ്രവർത്തകർ നികുതി ഇളവും സർക്കാരിന്റെ പിന്തുണയും അഭ്യർത്ഥിച്ചു. ആവിഷ്‌കാര മീഡിയ പബ്ലിക് അവേർനസ് ട്രസ്റ്റ് നിർമ്മിച്ച 'ഫോർ യു' എന്ന വിദ്യാഭ്യാസ ചിത്രത്തിന് വിനോദ നികുതി ഇളവ് അനുവദിക്കണമെന്നും പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസ, സാംസ്‌കാരിക വേദികളിലും സൗജന്യ പ്രദർശനങ്ങൾ നടത്തണമെന്നും അഭ്യർത്ഥിച്ചാണ് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നൽകിയത്.

81 മിനിറ്റ് ദൈർഘ്യമുള്ള സിനിമ എൻ.ബി.രഘുനാഥാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. സെൻട്രൽ ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് വിദ്യാഭ്യാസ സിനിമയായി അംഗീകരിച്ചിട്ടുണ്ട്.

ഓണാഘോഷ വേളയിൽ സെക്രട്ടേറിയറ്റിലെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചത് സി.പി.ആർ ബോധവത്കരണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

മലയാളത്തിൽ നിർമ്മിച്ച സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് രാജ്യവ്യാപക പ്രദർശിപ്പിക്കും. വിനോദം എന്നതിലുപരി ജീവൻരക്ഷാ ദൗത്യമാണ് സിനിമ നിറവേറ്റുന്നതെന്ന് സംവിധായകൻ എൻ.ബി. രഘുനാഥ് പറഞ്ഞു.