'മുറിയടന്ത'യെ മേളമാക്കി കലാമണ്ഡലം ശ്രീരാജ്

Tuesday 16 September 2025 1:15 AM IST
കലാമണ്ഡലം ശ്രീരാജ്

കൊച്ചി: ചെണ്ടയിൽ പുതിയൊരു മേളപ്പെരുപ്പം ഒരുക്കിയിരിക്കുകയാണ് കലാമണ്ഡലം ശ്രീരാജ്. കേരളത്തിന്റെ വാദ്യവൃന്ദത്തിൽ പ്രയോഗംകുറഞ്ഞ മുറിയടന്ത താളമാണ് കഥകളി മേളത്തിന്റെ താളത്തിൽ ചിട്ടവട്ടമൊരുക്കി ഈ 31കാരൻ തീർത്തിരിക്കുന്നത്. ബിരുദാനന്തരബിരുദ പഠനകാലത്തെ സെമിനാർ വിഷയം യാഥാർത്ഥ്യമാക്കിയത് ഈ വർഷം. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ സമഭാവന ഫെസ്റ്റിലാണ് ശിഷ്യരും മേളപ്രമാണിമാരുമൊത്ത് മുറിയടന്തമേളം ആദ്യമായി അവതരിപ്പിച്ച് ആസ്വാദകരുടെ ഹൃദയംകവർന്നത്.

പിതാവ് ശ്രീമൂലനഗരം സോമന്റെയും സഹോദരൻ സ്വരാജിന്റെയും പാതപിന്തുടർന്നാണ് ശ്രീരാജും ചെണ്ടയെ ഹൃദയത്തിലേറ്റിയത്. അച്ഛന് ഗുരുദക്ഷിണവച്ച് തുടക്കം. അമ്മ രാജമ്മ ആത്മബലമേകി.

കലാമണ്ഡലം കേശവനാശാന്റെ കീഴിൽ ചെണ്ടയിലെ കാലവും പതികാലവുമെല്ലാം ഹൃദിസ്ഥമാക്കി. എട്ടാംക്ലാസ് മുതൽ എം.എ വരെ കലാമണ്ഡലത്തിൽ പഠനം. കഥകളിമേളക്കാരനായി. മുറിയടന്തതാളം മേളങ്ങളിൽ ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സെമിനാർ വിഷയമാക്കി.

ആർ.എൽ.വി കോളേജിലെ ചെണ്ടവിഭാഗത്തിൽ അദ്ധ്യാപകനായി ജോലിയിലെത്തിയപ്പോൾ ജീവിതത്തിലും കൊട്ടിക്കയറ്റമായി. കോളേജിന്റെ കലാമേളയ്ക്ക് പരിപാടി അവതരിപ്പിക്കണമെന്ന തീരുമാനമാണ് ശ്രീരാജിനെ മുറിയടന്ത പൊടിതട്ടിയെടുക്കാൻ പ്രേരിപ്പിച്ചത്. വലന്തലയിൽ പെരുമ്പളം ശരത്തും ഇലത്താളത്തിൽ പെരുമ്പളം ശ്രീകാന്തും ശരത്ത് പൂർണത്രയീശ്യവും കുഴലിൽ തിരുനായത്തോട് ധനേഷും കൊമ്പിൽ ഓടലക്കാലി പ്രവീണുമായിരുന്നു പ്രമാണിമാർ.

* മുറിയടന്ത വാദ്യവൃന്ദത്തിൽ പ്രയോഗം കുറഞ്ഞ താളമാണ് മുറിയടന്ത. കഥകളിയിൽ സർവസാധാരണവും. മുടിയേറ്റ്, തിടമ്പ് നൃത്തം, വേലകളി തുടങ്ങിയവയിൽ മുറിയടന്ത പ്രയാഗിക്കുന്നുണ്ടെങ്കിലും താളത്തിന് വ്യത്യാസമുണ്ട്. കർണാടക സംഗീത താളപദ്ധതിയിലെ ചാപ്പ് താളത്തിനോട് മുറിയടന്തയ്ക്ക് സാദൃശ്യമുണ്ട്.

* താളങ്ങൾ, മേളങ്ങൾ

പഞ്ചാരി, ചെമ്പ, ചെമ്പട, അഞ്ചടന്ത, അടന്ത, ധ്രുവം, പാണ്ടി എന്നീ താളങ്ങളെ ചിട്ടപ്പെടുത്തിയുള്ളതാണ് ചെണ്ടമേളങ്ങൾ. നവം, കല്പം എന്നിങ്ങനെയുള്ള താളങ്ങളിലടക്കം മേളങ്ങൾ വേറെയുമുണ്ട്. പഴയമേളങ്ങളും ആധുനികമായി ചിട്ടപ്പെടുത്തിയതും എന്നിങ്ങനെ വേറെയും. പഞ്ചാരിമുതൽ പാണ്ടിവരെയുള്ളതാണ് അടിസ്ഥാന മേളങ്ങൾ.

മുറിയടന്തതാളം മേളമായി ചിട്ടപ്പെടുത്താനായതിൽ വലിയ സന്തോഷമുണ്ട്. ചെറിയൊരു പരിശ്രമം മാത്രമാണിത്

കലാമണ്ഡലം ശ്രീരാജ്