പച്ചത്തുരുത്ത് മത്സരം: മഹാരാജാസിന് ഒന്നാം സ്ഥാനം

Tuesday 16 September 2025 1:30 AM IST
മഹാരാജാസ് കോളേജ്

കൊച്ചി: ഹരിത കേരള മിഷൻ സംഘടിപ്പിച്ച ജില്ലാതല പച്ചത്തുരുത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മഹാരാജാസ് കോളേജ്. കൊച്ചി കോർപ്പറേഷൻ ഹരിതകേരള മിഷൻ മഹാരാജാസ് കോളേജ് ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഡോ. എ.കെ. ജാനകിയമ്മാൾ സ്മാരക പച്ചത്തുരുത്താണ് ഒന്നാം സ്ഥാനം നേടിയത്.

2022ലെ പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച ഈ പച്ചത്തുരുത്തിൽ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ഭൂമിത്രസേന, നേച്ചർ ക്ലബ് എന്നിവരുടെ പ്രവർത്തനങ്ങളിലൂടെ 10 സെന്റ് വിസ്തൃതിയിൽ 29 ഇനങ്ങളിലായി 78ലധികം സസ്യങ്ങളുണ്ടിപ്പോൾ. ഔഷധസസ്യങ്ങൾ, പുളി, പേര, ചാമ്പ, നെല്ലി തുടങ്ങിയ വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ എന്നിവയ്ക്കൊപ്പം 32 തരം പക്ഷികളും ഇരുപതോളം ശലഭ വിഭാഗങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സജീവ പങ്കാളിത്തം, ജൈവവള പ്രയോഗം, ഡ്രിപ്പ് ഇറിഗേഷൻ, ചെടികളുടെ ലേബലിംഗ്, പൊതുജനബോധവത്കരണ പരിപാടികൾ തുടങ്ങിയ തുടർച്ചയായ പ്രവർത്തനങ്ങളാണ് മഹാരാജാസ് കോളേജിനെ ജില്ലാതലത്തിൽ ഒന്നാമതെത്തിച്ചത്.

ഈ മാസം 16ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ ജില്ലാതല പുരസ്‌കാരം കോളേജ് അധികൃതർ ഏറ്റുവാങ്ങും.