നെതന്യാഹുവിന്റേത് വ്യാമോഹം, ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ
ദോഹ : ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഖത്തർ വിളിച്ചുകൂട്ടിയ അടിയന്തര അറബ്- ഇസ്ലാമിക് ഉച്ചകോടി ആരംഭിച്ചു. അറബ് മേഖല ഇസ്രയേലിന്റെ അധീനതയിൽ വരുമെന്ന സ്വപ്നം കാണുന്ന ബെഞ്ചമിൻ നെതന്യാഹുവിന്റേത് വ്യാമോഹം ആണെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു, ഹമാസ് നേതാക്കളെ വധിക്കുക ആയിരുന്നു ലക്ഷ്യമെങ്കിൽ ചർച്ച എന്തിനെന്നും ഖത്തർ അമീർ ചോദിച്ചു.
ഉച്ചകോടിയിൽ ഇസ്രയേലിനെതിരെ രൂക്ഷ വിമർശനമാണ് അറബ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉയർന്നത്. ഖത്തർ അമീറിന് പുറമെ യു.എ.ഇ വൈസ് പ്രസിഡന്റ്, തുർക്കി, ഈജിപ്റ്റ് പ്രസിഡന്റുമാർ , കുവൈറ്റ് കിരീടാവകാശി, ഒമാൻ ഉപപ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇസ്രയേലിനെതിരെ ഉച്ചകോടിയിൽ നേതാക്കൾ എടുക്കുന്ന നിലപാട് നിർണായകമാണ്.
അതേസമയം ഖത്തറിലെ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞു. ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹമാസിനെ ലക്ഷ്യമിട്ടുള്ള ഖത്തറിലെ ആക്രമണത്തിൽ ഇസ്രയേലിനെ വിമർസിക്കുത്തിൽ ഇരട്ടത്താപപ്പുണ്ടെന്നും നെതന്യാഹു ആരോപിച്ചു.