'എനിക്കൊരു ഭർത്താവിനെ വേണം' വിവാഹം കഴിക്കാൻ വ്യത്യസ്ത ടെക്‌നിക്കുമായി യുവതി

Monday 15 September 2025 8:55 PM IST

ന്യൂയോർക്ക്: ഡേറ്റിംഗ് ആപ്പുകൾ വഴിയും സോഷ്യൽ മീഡിയ വഴിയുമൊക്കെ പരിചയപ്പെട്ട് യുവതീയുവാക്കൾ ഒന്നിച്ച് സമയം ചിലവഴിക്കുന്നതും കല്യാണം കഴിക്കുന്നതും പുതിയ കാലത്ത് പതിവുള്ളതാണ്. ഇത്തരത്തിൽ ഇവയെല്ലാം ആധിപത്യം പുലർത്തുന്ന പുതിയ ലോകത്ത് പങ്കാളിയെ തിരയാൻ വ്യത്യസ്ത ടെക്‌നിക്കുമായി എത്തിയിരിക്കുകയാണ് ഒരു യുഎസ് വനിത. ഇന്ത്യക്കാരനായ ഭർത്താവിനെ തിരയുന്നു എന്ന് എഴുതിയ പ്ലക്കാർഡ് പിടിച്ചുകൊണ്ട് നിൽക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. യുഎസിലെ ടൈംസ്‌ക്വയറിലാണ് സംഭവം.

ദൃശ്യങ്ങൾ വൈറലായതോടെ ഇന്ത്യൻ ഭർത്താക്കന്മാരെ മാത്രം പ്രത്യേകമായി പരാമർശിച്ചത് എന്തുകൊണ്ടാണെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കുന്ന ചോദ്യം. ബോളിവുഡ് സിനിമകൾ, ക്രിക്കറ്റ് താരങ്ങൾ, യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യൻ ഭക്ഷണത്തോടുള്ള ജനപ്രീതി തുടങ്ങിയവ സ്വാധീനിച്ചിരിക്കാമെന്ന് യുവതിയെ കളിയാക്കിക്കൊണ്ട് ചിലർ പറഞ്ഞു. എന്നാൽ കുടുംബവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നവരാണ് ഇന്ത്യൻ പുരുഷന്മാരെന്ന് കരുതുകയും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതു കൊണ്ടാവാം ഒരു ഇന്ത്യക്കാരനെ അവർ തിരയുന്നതെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു.

നന്നായി ചായ ഉണ്ടാക്കാൻ അറിയുന്ന മികച്ച ഭർത്താക്കന്മാരാണ് ഇന്ത്യയിലുള്ളതെന്ന് അവർക്ക് നന്നായി അറിയാമെന്ന് തുടങ്ങിയ രസകരമായ കമന്റുകളാണ് പലരും കുറിച്ചത്. സംഭവം ഒരു പബ്ലിസിറ്റി സ്റ്റണ്ടോ, സോഷ്യൽ എക്സ്പിരിമെന്റിന്റെയോ ഭാഗമാണെങ്കിൽ കൂടി ലോകമെമ്പാടുമുള്ള ഏതെങ്കിലുമൊരു ഇന്ത്യക്കാരൻ യുവതിയുടെ അഭ്യർത്ഥനയിൽ പ്രതികരിക്കുമോ എന്ന് പലരും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.