കാൽനടക്കാരൻ കാറിടിച്ച് മരിച്ച സംഭവം, പാറശാല എസ്.എച്ച്.ഒ അനിലിന് സസ്പെൻഷൻ

Tuesday 16 September 2025 12:00 AM IST

തിരുവനന്തപുരം: കിളിമാനൂരിൽ കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ച സംഭവത്തിൽ പാറശാല എസ്.എച്ച്.ഒ പി.അനിൽകുമാറിന് സസ്പെൻഷൻ. സംഭവശേഷം കാർ നിറുത്താതെ അനിൽകുമാർ കടന്നുകളഞ്ഞിരുന്നു. സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് അനിൽകുമാറിനെ തിരിച്ചറിഞ്ഞത്. ഡി.ഐ.ജി അജിത ബീഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖല ഐ.ജി എസ്.ശ്യാംസുന്ദറാണ് നടപടിയെടുത്തത്. സംഭവശേഷം ഡ്യൂട്ടിക്കെത്താത്ത അനിൽകുമാർ ഒളിവിലാണ്.

കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജനാണ് (59) മരിച്ചത്. കഴിഞ്ഞ 7ന് പുലർച്ചെയായിരുന്നു സംഭവം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്ന് വിലയിരുത്തിയാണ് സസ്പെൻഷൻ.

കാർ ഇടിച്ചിട്ടശേഷം പരിക്കേറ്റയാൾക്ക് വൈദ്യസഹായം നൽകിയില്ല. ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ പോയതും അതീവ ഗൗരവമുള്ള കുറ്റമാണ്. അനിൽകുമാറിന്റെ പ്രവൃത്തി സേനയ്ക്കാകെ കളങ്കമുണ്ടാക്കുന്നതാണെന്നും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ അനിൽകുമാർ തട്ടത്തുമലയിലെ വീട്ടിൽ പോയി തിരികെ പാറശാല സ്റ്റേഷനിലേക്ക് മടങ്ങവേയായിരുന്നു അപകടം.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റൂറൽ ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്‌.പി‌ കെ.പ്രദീപിനെ ചുമതലപ്പെടുത്തി. രണ്ടുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം.