പാൽ വില ഉടൻ വർദ്ധിപ്പിക്കില്ല
തിരുവനന്തപുരം; പാൽ വില വർദ്ധന ഉടനുണ്ടാകില്ല. പാലുല്പന്നങ്ങൾക്ക് അനുവദിച്ച ജി.എസ്.ടിയിലെ ഇളവ് നടപ്പിലാക്കിയ ശേഷം വില വർദ്ധന മതിയെന്ന് ഇന്നലെ ചേർന്ന മിൽമ ഫെഡറേഷൻ യോഗം തീരുമാനിച്ചു.പാൽ വില വർദ്ധന സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശ അനുസരിച്ചാണ് തീരുമാനം.
ഈ മാസം 22 മുതൽ പാലുല്പന്നങ്ങൾക്ക് ജി.എസ്.ടി യിലെ കുറവ് നടപ്പാക്കുന്നതിനാൽ ഉടനെ പാൽ വിലവർദ്ധിപ്പിക്കുന്നത് ഉപഭോക്താക്കളിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറച്ചിട്ടുണ്ട്. ഇളവ് നടപ്പിലാക്കുകയും ജനങ്ങൾക്ക് അതിന്റെ ആനുകൂല്യം ലഭ്യമാക്കുകയും ചെയ്ത ശേഷം ജനുവരിയിലോ ഫെബ്രുവരിയിലോ വില വർദ്ധന മതിയെന്നാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ വില വർദ്ധിപ്പിക്കുന്നത് ഉചിതമല്ലെന്നും മിൽമ യോഗത്തിൽ വാദമുയർന്നു. എന്നാൽ ,ഇതിനോട് എറണാകുളം മേഖല യൂണിയൻ പ്രതിനിധികൾ വിയോജിച്ചു. അടിയന്തരമായി പാൽ വില വർദ്ധിപ്പിക്കണമെന്ന ആവശ്യം
അംഗീകരിക്കാൻ കഴിയില്ലെന്ന് ചെയർമാൻ കെ.എസ്.മണി നിലപാടെടുത്തതോടെ ,അവർ യോഗത്തിൽ നിന്നിറങ്ങിപ്പോയി.