രാഹുലിന്റെ കാർ തടഞ്ഞ് എസ്.എഫ്.ഐ പ്രതിഷേധം

Tuesday 16 September 2025 12:07 AM IST

തിരുവനന്തപുരം: ഇന്നലെ നിയമസഭയിലെത്തിയ പാലക്കാട് എം.എൽ.എ.രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനം തടഞ്ഞ് എസ്.എഫ്.ഐ.പ്രതിഷേധം.നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും നിയമസഭ മന്ദിരത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് എ.എൽ.എ.ഹോസ്റ്റലിന് മുന്നിൽ വച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് വാഹനം തടഞ്ഞത്.

എം.എൽ.എ.ഹോസ്റ്റലിന്റെ പിൻഭാഗത്തു,നിന്നും പ്രവർത്തകർ കൂട്ടത്തോടെ ഓടിയെത്തുകയായിരുന്നു.അപ്രതീക്ഷിത നീക്കം തടയാൻ സ്ഥലത്ത് പൊലീസും ഉണ്ടായിരുന്നില്ല.രാഹുൽ മാങ്കൂട്ടത്തിൽ കാറിൽ തന്നെ ഇരുന്നു.കാറിന് നേരെ ആക്രമണമൊന്നുമുണ്ടായില്ല.പ്രതിഷേധം ഏറെ നേരം തുടർന്നു. അപ്പോഴേക്കും സംഭവമറിഞ്ഞ് പൊലീസ് സ്ഥലെത്തെത്തി.

എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അഭിറാം, സെക്രട്ടറി മിഥുൻ , സംസ്ഥാന ജോയിന്റ് സെക്രട്ടറി അഖിലേഷ് അടക്കമുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശേഷിച്ച പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധം തുടർന്നു. പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് രാഹുലിന്റെ വാഹനം നിയമസഭയിലേക്ക് പുറപ്പെട്ടത്.തിരുവല്ലം പൊലീസിന്റെ എസ്‌കോർട്ട് വാഹനവും അനുഗമിച്ചു.എം.എൽ.എയെ അക്രമിക്കാൻ വന്നതല്ലെന്നും, അദ്ദേഹത്തിന്റെ ജന വിരുദ്ധ പ്രവർത്തനങ്ങളോട് പ്രതിഷേധിച്ചതാണെന്നും എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞു.പ്രതിഷേധങ്ങളോട് രാഹുൽ പ്രതികരിച്ചില്ല.