'പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചു', പൊലീസ് അതിക്രമങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Monday 15 September 2025 10:27 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്യപ്പെട്ട പൊലീസ് അതിക്രമങ്ങളെക്കുറിച്ച് മുന്നണി യോഗത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവങ്ങൾ ഒറ്റപ്പെട്ട കേസുകളാണെന്നും മാദ്ധ്യമങ്ങൾ അവയെ പർവ്വതീകരിച്ച് കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് തിരുത്തൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മനഃപൂർവ്വം തെറ്റുകൾ വരുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 40 മിനിറ്റ് സമയമെടുത്താണ് മുഖ്യമന്ത്രി പൊലീസ് അതിക്രമങ്ങളെക്കുറിച്ച് വിശദീകരണം നടത്തിയത്.

കുന്നംകുളത്തും പീച്ചിയിലും പൊലീസ് അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് സർക്കാരിനെതിരെ ഉയർന്നത്. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഇടതുമുന്നണി യോഗമായിരുന്നു ഇന്ന് ന‌ടന്നത്.

പൊലീസ് അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തതിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു. സംസ്ഥാനത്തുടനീളം പൊലീസ് കസ്റ്റഡി മർദനം വ്യാപകമാണെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി പൊലീസിനെ തീവ്രവാദ സംഘടന"യാക്കി മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.