ബി.അശോകിനെ വീണ്ടും സ്ഥലംമാറ്റി സർക്കാർ
തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി. അശോകിനെ വീണ്ടും സ്ഥലംമാറ്റി സർക്കാർ. പേഴ്സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് മാറ്റിയത്. 17ന് സ്ഥലംമാറ്റം പ്രാബല്യത്തിലാകുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
ഓഗസ്റ്റ് 30ന് അശോകിനെ കെ.ടി.ഡി.എഫ്.സി ചെയർമാനായി സ്ഥലംമാറ്റിയ നടപടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ കഴിഞ്ഞ എട്ടിന് സ്റ്റേ ചെയ്തിരുന്നു. കെ.ടി.ഡി.എഫ്.സിയിലേക്ക് സ്ഥലംമാറ്റിയതിനെ തുടർന്ന് അവധിയെടുത്ത അശോക് ട്രൈബ്യൂണൽ വിധിയെ തുടർന്ന് ചൊവ്വാഴ്ച കൃഷി വകുപ്പിൽ ചുമതലയേറ്റിരുന്നു. കേസിൽ ഇന്ന് ട്രൈബ്യൂണൽ തുടർവാദം കേൾക്കാനിരിക്കെയാണ് പുതിയ സ്ഥലംമാറ്റം. കെ.ടി.ഡി.എഫ്.സിയിലേക്ക് നേരത്തെ സ്ഥലംമാറ്റിയത് റദ്ദാക്കിയതായും പുതിയ ഉത്തരവിലുണ്ട്.
അശോകിനു പകരം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയോഗിച്ച ടിങ്കു ബിസ്വാളിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. കൃഷിവകുപ്പിന്റെ ചുമതല പകരം ആർക്കും നൽകിയിട്ടില്ല.
കേരപദ്ധതിയുടെ വാർത്താചോർച്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നേരത്തെ അശോകിനെ കൃഷി വകുപ്പിൽ നിന്ന് കെ.ടി.ഡി.എഫ്.സി ചെയർമാനായി സ്ഥലംമാറ്റിയത്. കഴിഞ്ഞ ജനുവരിയിൽ അശോകിനെ തദ്ദേശഭരണ പരിഷ്കരണ കമ്മിഷനിലേക്ക് സ്ഥലംമാറ്റിയ ഉത്തരവും ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു.