രാഹുൽ വിഷയത്തിൽ നേതാക്കൾക്ക് വ്യക്തതയില്ലെന്ന് വിമർശനം
തിരുവനന്തപുരം:ഇന്നലെ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തിന് വലിയ പ്രാധാന്യം നൽകിയില്ലെങ്കിലും അച്ചടക്ക നടപടിയുടെ കാര്യത്തിൽ നേതാക്കൾക്ക് വ്യക്തതയില്ലെന്ന വിമർശനമുണ്ടായി. വർക്കിംഗ് പ്രസിഡന്റുമാർ നിലപാട് വ്യക്തമാക്കാതിരുന്ന സാഹചര്യവും അവ്യക്തതയ്ക്ക് കാരണമായി.
മറ്റ് നേതാക്കൾ നിശ്ശബ്ദരാവുകയും പ്രതിപക്ഷ നേതാവ് മാത്രം നിലപാട് ആവർത്തിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന് അജണ്ട ഉണ്ടോ എന്ന വ്യഖ്യാനങ്ങളുണ്ടാകാം.സസ്പെന്റ് ചെയ്തിട്ടും രാഹുലിനെ ചുറ്റി കോൺഗ്രസ് കറങ്ങുന്നതിന് കാരണമിതാണെന്നും അഭിപ്രായമുണ്ടായി. പ്രതിപക്ഷ നേതാവിനെതിരെയുണ്ടായ സൈബർ ആക്രമണങ്ങൾക്കും നിലപാടിലെ ഈ വ്യക്തതകുറവ് കാരണമായി എന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ രാഹുലിനൊപ്പം ഒപ്പം സഭയിലെത്തിയത് നേതാക്കളുടെ പിന്തുണയോടെയാണെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ലെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു.
പാലക്കാട് സജീവമാകാൻ രാഹുൽ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തിയേക്കും. ഞായറാഴ്ച വൈകീട്ട് വരെ മണ്ഡലത്തിൽ തുടരാനാണ് സാധ്യത. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബി.ജെ.പിയുടെയും ഡി.വൈ.എഫ്.ഐയുടെയും തീരുമാനം. എം.എൽ.എ എന്ന നിലയിൽ പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധമുണ്ടാകുമെന്നാണ് ബി.ജെ.പിയും ഡി.വൈ.എഫ്.ഐയും മുന്നറിയിപ്പ് നൽകുന്നത്. എം.എൽ.എ ഓഫീസിലേക്ക് എത്തിയാലും പ്രതിഷേധം ഉണ്ടാകും. രാഹുലിനെ ജില്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ.ജയദേവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നേതൃത്വത്തെ ധിക്കരിച്ചിട്ടില്ല: രാഹുൽ
തിരുവനന്തപുരം:കോൺഗ്രസ് നേതൃത്വത്തെ ധിക്കരിച്ചല്ല ഇന്നലെ നിയമസഭയിലെത്തിയതെന്ന് പാലക്കാട് എം.എൽ.എ.രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ലൈംഗിക ആരോപണത്തെത്തുടർന്ന് കോൺഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടില്ലെന്നും മരിക്കും വരെ കോൺഗ്രസായിരിക്കുമെന്നും കൂട്ടിച്ചേർത്തു. അതേസമയം, പുറത്തുവന്ന ശബ്ദരേഖയെ കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ പ്രതികരിച്ചില്ല. ആരോപണങ്ങളെ കുറിച്ച് കൂടുതൽ പറയാനില്ല. അന്വേഷണം നടക്കട്ടെ എന്നും പറഞ്ഞു.