കോന്നി മെഡിക്കൽ കോളേജിൽ ആദ്യ കുഞ്ഞുപിറന്നു, ലക്ഷ്യമോൾ
പത്തനംതിട്ട : കോന്നി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക് വിഭാഗത്തിൽ ആദ്യ കൺമണി പിറന്നു. പത്തനംതിട്ട ദേവികൃപയിൽ സിന്ദൂരി - വിഷ്ണു ദമ്പതികൾക്കാണ് പെൺകുഞ്ഞ് പിറന്നത്. സിസേറിയനായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.28നാണ് ജനനം. കുട്ടിക്ക് 3.1കിലോ ഭാരമുണ്ട്. ദമ്പതികളുടെ ആദ്യ കുട്ടിയുടെ ജനനം ശസ്ത്രക്രിയയിലൂടെ ആയിരുന്നതിനാലാണ് രണ്ടാമത്തെ കുട്ടിക്കും ശസ്ത്രക്രിയ വേണ്ടിവന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിലായിരുന്നു സിന്ദൂരിയെ കാണിച്ചിരുന്നത്. ഗൈനക്ക് അടക്കമുളള പ്രധാന ശസ്ത്രക്രിയ വിഭാഗങ്ങൾ കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതിനാൽ തുടർന്നുള്ള പരിശോധനകൾ അവിടേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം ഡോക്ടറെ കാണാനെത്തിയ സിന്ദൂരിക്ക് അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റു ചെയ്യുകയായിരുന്നു. ഇന്നലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പോസ്റ്റ് ഓപ്പറേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് അമ്മയും കുഞ്ഞും.
ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ബി.സജിനി, ഡോക്ടർമാരായ രേണുക, ദീപ, നീന, അനസ്തെഷ്യ വിഭാഗം മേധാവി ഡോ.സി.കെ.ഹരികുമാർ, ഡോക്ടർമാരായ ശ്രീനാഥ്, തോമസ്, ശ്രീകാന്ത്, ധന്യ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ.ദേവകുമാർ, ഡോക്ടർമാരായ ഷാരൺ, നഴ്സിംഗ് സൂപ്രണ്ട് ബിന്ദു, സീനിയർ നഴ്സിംഗ് ഓഫീസർ രോഹിണി തുടങ്ങിയവർ ശസ്തക്രിയയിൽ പങ്കെടുത്തു.
ആദ്യകൺമണി ലക്ഷ്യമോൾ
കോന്നി മെഡിക്കൽ കോളജിൽ പിറന്ന ആദ്യകുഞ്ഞിന് ലക്ഷ്യമോൾ എന്നുപേരിട്ടു. ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലക്ഷ്യ എന്ന ഗൈനക്ക് വിഭാഗവും ശസ്ത്രക്രിയ സൗകര്യങ്ങളുമാണുള്ളത്. അതുകൊണ്ട് ഇവിടെ ആദ്യം പിറന്ന കുഞ്ഞിന് ലക്ഷ്യ എന്നു പേരു നൽകട്ടെയെന്ന് പ്രിൻസിപ്പാൾ ഡോ.ആർ.എസ്.നിഷ കുട്ടിയുടെ മാതാപിതാക്കളോട് ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്തു.
ലക്ഷ്യയിൽ അത്യാധുനിക സൗകര്യങ്ങൾ
സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ലേബർ റൂമിൽ സജ്ജമാക്കിയിരിക്കുന്നത്. ലക്ഷ്യ നിലവാരത്തിൽ 3.5 കോടി രൂപ ചെലവഴിച്ച് 27922 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന ലേബർ റൂമിൽ ഒ.പി, അൾട്രാ സൗണ്ട് സ്‌കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, മൈനർ ഓപ്പറേഷൻ തിയേറ്റർ, സെപ്റ്റിക്ക് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, രണ്ട് എൽ ഡി ആർ സ്യൂട്ടുകൾ, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യം, റിക്കവറി റൂമുകൾ, വാർഡുകൾ, ഡെമോ റൂം, എച്ച് ഡി യു, ഐ സി യു, ഐസൊലേഷൻ യൂണിറ്റുകൾ എന്നിവയുണ്ട്.
ആരോഗ്യമന്ത്രി അഭിനന്ദിച്ചു
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് മാതാപിതാക്കൾക്കും കുഞ്ഞിനും ആശംസകൾ നേർന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലേയും കോന്നി മെഡിക്കൽ കോളേജിലേയും മുഴുവൻ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.