ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ സംവിധാനം: സതീഷ് കൊച്ചുപറമ്പിൽ
റാന്നി : സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ സംവിധാനമാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ആരോപിച്ചു. കോൺഗ്രസ് പഴവങ്ങാടി ടൗൺ, വെസ്റ്റ് സംയുക്ത മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിവസവും പത്രസമ്മേളനം നടത്തി ആഭ്യന്തര വകുപ്പിലെ സംഭവങ്ങളെ ഒറ്റപ്പെട്ടവയായി ലഘൂകരിക്കുന്നതാണ് സർക്കാരിലെ ആഭ്യന്തര മന്ത്രിയുടെ ഏക ജോലി. കൊലക്കേസ് പ്രതികളെയും ബോംബ് നിർമ്മാതാക്കളെയും അക്രമികളെയും സംരക്ഷിക്കുന്ന പൊലീസ്, രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ നിരപരാധികളായ സാധാരണക്കാരെ പീഡിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
പരാതികൾ ഉയരുമ്പോൾ പേരിന് നടപടിയെടുക്കുകയും പിന്നീട് മൂടിവയ്ക്കുകയും ചെയ്യുന്നത് അധാർമ്മികമാണ്. ഒരു കാലത്ത് ഇന്ത്യയിലെ എല്ലാ പൊലീസ് സേനകൾക്കും മാതൃകയായിരുന്ന കേരളത്തിലെ ക്രമസമാധാന നില തകർന്ന അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ലിജു ജോർജ്, തോമസ് അലക്സ്, പ്രകാശ് തോമസ്, അബ്ദുൽ കലാം ആസാദ്, തോമസ് ഫിലിപ്പ്, അന്നമ്മ തോമസ്, റൂബി കോശി, അനിത അനിൽകുമാർ, ജോൺ എബ്രഹാം, റെഞ്ചി പതാലിൽ, ഉഷ തോമസ്, സൂസൻ മാത്യു, റെജി കൊല്ലിരിക്കൽ, ബിനോജ് ചിറക്കൽ എന്നിവർ സംസാരിച്ചു.