പൂളക്കടവ് ആർ.സി.ബി: ഉന്നതതല യോഗം ചേരുമെന്ന് മന്ത്രി

Tuesday 16 September 2025 12:13 AM IST
പൂളക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്

കോഴിക്കോട്: 30 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പൂളക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവൃത്തി പാതിവഴിയിൽ നിലച്ച സംഭവത്തിൽ ജലസേചന മന്ത്രി റോഷി അഗസ്റ്റിന്റെ ചേംബറിൽ വകുപ്പ് മേധാവികളുടെ യോഗം ഉടൻ ചേരുമെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ. പദ്ധതി നിലച്ചുപോവുന്ന സാഹചര്യം ഉണ്ടാവില്ലെന്നും മന്ത്രി നിവേദക സംഘത്തിന് ഉറപ്പു നൽകിയതായി പറമ്പിൽ-പൂളക്കടവ് ജനകീയ സമിതി ചെയർമാൻ അഡ്വ. കെ. പുഷ്പാംഗദൻ പറഞ്ഞു. അപ്രോച്ച് റോഡിന്സ്ഥലം ഏറ്റെടുത്തു നൽകുന്നതിലുൾപ്പെടെ കാലതാമസം വന്നത് വൻ നഷ്ടമുണ്ടാക്കി എന്ന് ചുണ്ടിക്കാട്ടി കരാർ കമ്പനിയായ യു.എൽ.സി.സി പണി നിർത്തിവെച്ചിരിക്കുയാണ്. നാല് വർഷം മുമ്പ് തറക്കല്ലിട്ടപ്പോൾ ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാവുമെന്നായിരുന്നു പ്രഖ്യാപനം. പണി നിലച്ചതോടെയാണ് പ്രവൃത്തി പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രി എ.കെ. ശശീന്ദ്രനും ജനകീയ സമിതി നിവേദനം നൽകിയത്. പ്രശ്നപരിഹാരത്തിന് നടപടിയുണ്ടാവുമെന്ന മന്ത്രിയുടെ ഉറപ്പിൽ പ്രത്യക്ഷ സമരപരിപാടികൾ തത്കാലം മാറ്റിവെക്കാനാണ് പറമ്പിൽ പൂളക്കടവ് ജനകീയ സമിതിയുടെ തീരുമാനം. റവന്യൂ വകുപ്പിന്റെ കടുത്ത അനാസ്ഥയാണ് ഭൂമി ഏറ്റെടുത്തു നൽകുന്നതിൽ വീഴ്ചയുണ്ടായത്. 30 കോടി ഉപയോഗിച്ച് നിർമിക്കുന്ന ആർ.സി.ബിയുടെ ഇരു വശങ്ങളിലേക്കും 300 മീറ്റർ സംരക്ഷണ ഭിത്തി കെട്ടുമെന്ന് പദ്ധതിയിൽ പറഞ്ഞിരുന്നെങ്കിലും അത് വെട്ടിക്കുറച്ചെന്നും ജനകീയ സമിതി നേതാക്കൾ പറഞ്ഞു.