ലോക തേക്ക് കോൺഫറൻസ് കൊച്ചിയിൽ
Tuesday 16 September 2025 12:13 AM IST
കൊച്ചി: ഇന്ത്യ ആദ്യമായി ആതിഥേയരാകുന്ന വേൾഡ് തേക്ക് കോൺഫറൻസ് 17 മുതൽ 20 വരെ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കും. 40 രാജ്യങ്ങളിലെ 350ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടി തേക്ക് വ്യാപാര, വിപണന, സംരക്ഷണ മേഖലയിലെ സുസ്ഥിര വികസനം ചർച്ച ചെയ്യും.
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റിന്റെ കീഴിലുള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ജപ്പാനിലെ ഇന്റർനാഷണൽ ട്രോപ്പിക്കൽ ടിംബർ ഓർഗനൈസേഷൻ എന്നിവരാണ് സംഘാടകർ. തേക്ക് വ്യാപാര രംഗത്തെ നോളഡ്‌ജ് ഹബായി മാറാൻ കേരളത്തിനാകുമെന്ന് കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ്. വാര്യർ പറഞ്ഞു. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയമുള്ള നിലമ്പൂരിന് അന്താരാഷ്ട്ര ശ്രദ്ധ കിട്ടാനും സമ്മേളനം സഹായിക്കും.