ഉത്തരവ് ഉണ്ടയില്ലാ വെടി ! നാടുവാണ് കാട്ടുപന്നികൾ

Tuesday 16 September 2025 12:15 AM IST
കാട്ടുപന്നികൾ

കോഴിക്കോട്: ഷൂട്ടർമാരും വെടിവെച്ചുകൊല്ലാൻ ഉത്തരവും ഉണ്ടായിട്ടും നാടുവാഴുകയാണ് കാട്ടുപന്നികൾ. കഴി‌ഞ്ഞ ദിവസം ഓമശേരി മുടൂരിൽ കാട്ടുപന്നി സ്‌കൂട്ടറിന് കുറുകെ ചാടി കാരശേരി ഓടത്തെരുവ് സ്വദേശി അബ്ദുൽ ജബ്ബാർ (45) മരിച്ചിരുന്നു. കൃഷി നശിപ്പിക്കലും ആക്രമണവും പതിവായിട്ടും കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ ജനപ്രതിനിധികളും പഞ്ചായത്തും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം. ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ 2022ലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന സർക്കാർ ഉത്തരവ് ഇറങ്ങിയത്. എന്നാൽ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഉത്തരവിന് പുല്ലുവിലയാണ് നൽകിയത്. ചില പഞ്ചായത്തുകൾ ജാഗ്രത സമിതികൾ ചേർന്ന് തോക്ക് ലെെസൻസും പ്രത്യേക പരിശീലനം ലഭിച്ച ഷൂട്ടർ പാനലിലുള്ളവരെ കണ്ടെത്തിയും പന്നികളെ വെടിവയ്ക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. ഒരു പന്നിയെ കൊല്ലാൻ പരിശീലനം ലഭിച്ചവർക്ക് 1000 രൂപ മുതലാണ് കൊടുക്കുന്നത്. എന്നാൽ പണം ചെലവഴിക്കാനില്ലാത്ത പഞ്ചായത്തുകൾ ഉത്തരവാദിത്വം കർഷകരെ ഏൽപ്പിച്ച് കൈയൊഴിയുകയാണ്. ലൈസൻസുള്ള തോക്ക് ഉടമകൾ ഷൂട്ടർ പാനലിൽ എംപാനൽ ചെയ്തില്ലെങ്കിൽ പന്നികളെ കൊല്ലാനാവില്ല. അതിനാൽ പ്രത്യേക പരിശീലനം ലഭിച്ചവരുടെ എണ്ണവും കുറവാണ്. തോക്ക് ലെെസൻസുള്ള കർഷകർക്കും വെടിവെക്കാൻ അനുമതി നൽകണമെന്നാണ് കർഷക‌രുടെ ആവശ്യം. തിരുവമ്പാടി മണ്ഡലത്തിലാണ് ജില്ലയിൽ കൂടുതൽ ഷൂട്ടർമാരുള്ളത്.

കർഷകർക്ക് കഷ്ടകാലം

ഈ വർഷം ഏപ്രിൽ മുതൽ ഇന്നലെ വരെ 437 കർഷകരുടെ 39.02 ഏക്കറിലെ കൃഷിയാണ് വന്യമൃഗങ്ങൾ നശിപ്പിച്ചത്. ഇതിൽ പകുതിയിലധികവും കാട്ടുപന്നികൾ നശിപ്പിച്ച വിളകളാണ് .40.81 ലക്ഷം രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. കൊടുവള്ളി, തിരുവമ്പാടി, കൂടരഞ്ഞി, ആനക്കാപൊയിൽ, കുറ്റ്യാടി, പേരാമ്പ്ര, വടകര, മുക്കം തുടങ്ങി മലയോര പ്രദേശങ്ങളിലെല്ലാം കാട്ടുപന്നി ശല്യം മൂലം ജനം പൊരുതിമുട്ടിയിരിക്കുകയാണ്. വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കൃഷികളൊന്നും നട്ടുവളർത്താൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു.

മണ്ഡലം.................ഷൂട്ടർമാർ.............കൊന്ന പന്നികൾ

തിരുവമ്പാടി..........30...........................217

കൊടുവള്ളി.............14..........................97

കുന്ദമംഗലം..............5............................63

ബാലുശ്ശേരി...............8............................25

എലത്തൂർ.................1.............................0

പേരാമ്പ്ര....................3..............................33

നാദാപുരം................1..............................13

വടകര.......................0...............................6

കുറ്റ്യാടി....................0................................1

വനൃമൃഗ ഹോട്ട്സ്പോട്ട് (പഞ്ചായത്ത്)

കാവിലുംപാറ, ചക്കിട്ടപ്പാറ, കോട്ടൂർ, നടുവന്നൂർ, പനങ്ങാട്, കോടഞ്ചേ രി, ഓമശ്ശേരി, താമരശ്ശേരി, കൂടരഞ്ഞി, കട്ടി‌പ്പാറ, മുക്കം , ചാത്തമംഗലം, മാവൂർ, തിരവമ്പാടി , പുതുപ്പാടി, കാരശ്ശേരി, മടവൂർ, കൊടുവള്ളി, കൊടിയത്തൂർ, കക്കൂർ, ചേളന്നൂർ, കിഴക്കോത്ത്, കുന്ദമംഗലം.

ജില്ലയിലെ അംഗീകൃത ഷൂട്ടർമാർ.................62

വെടിവെച്ചുകൊന്ന കാട്ടുപന്നികൾ..............455

'' രാത്രി കൊടുംതണുപ്പിൽ പോലും കൃഷിയിടങ്ങളിൽ കാവലിരിക്കേണ്ട സ്ഥിതിയാണ്. തോക്ക് ലെെസൻസുള്ളവർക്ക് വെടിവെക്കാനുള്ള അനുമതി നൽകണം''- രാധാകൃഷ്ണൻ- ക‌ർഷകൻ