വൻതാരയ്ക്ക് ക്ളീൻ ചിറ്റുമായി സുപ്രീം കോടതി എസ്‌.ഐ.ടി

Tuesday 16 September 2025 12:16 AM IST

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) ക്ലീൻ ചിറ്റ് നൽകി. ഗുജറാത്തിലെ ജാംനഗറിൽലുള്ള വൻതാരയുടെ പ്രവർത്തനങ്ങളിൽ നിഗൂഢതയൊന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും രേഖപ്പെടുത്തിയ റിപ്പോർട്ടാണ് എസ്‌.ഐ.ടി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇന്നലെ റിപ്പോർട്ട് പരിഗണിച്ച ജസ്റ്റിസ് പങ്കജ് മിത്തൽ, പി.ബി വരാലെ തുടങ്ങിയവർ അടങ്ങുന്ന ബെഞ്ച് ഇതിൽ തൃപ്തി രേഖപ്പെടുത്തി. എല്ലാവിധ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് വൻതാരയുടെ പ്രവർത്തനമെന്ന് സാധൂകരിക്കുന്നതാണ് റിപ്പോർട്ട്.

സ്വാഗതം ചെയ്ത് വൻതാര ടീം

സുപ്രീം കോടതിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ നന്ദിയോടെ സ്വാഗതം ചെയ്യുന്നുവെന്ന് വൻതാര മാനേജ്‌മെന്റ് വ്യക്തമാക്കി. മൃഗങ്ങളുടെ സംരക്ഷണത്തിൽ വൻതാരയുടെ ആത്മാർത്ഥത കോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ട്. സ്ഥാപനത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ വസ്തുതവിരുദ്ധമാണെന്ന് ഇതോടെ വ്യക്തമാകുന്നു. മിണ്ടാപ്രാണികളുടെ സംരംക്ഷണത്തിനും ക്ഷേമത്തിനും കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ സുപ്രീം കോടതി വിധി വൻതാരയ്ക്ക് കരുത്താകുമെന്നും അവർ പറഞ്ഞു.