മിന്നായം പോലെ രാഹുൽ സഭയിൽ

Tuesday 16 September 2025 12:00 AM IST

തിരുവനന്തപുരം: പാർട്ടി നടപടിയെടുത്തതോടെ സഭാസമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കരുതിയ പ്രതിപക്ഷ നേതാവിനെയും പാർട്ടി നേതൃത്വത്തെയും അമ്പരപ്പിച്ചാണ്, ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തിയത്. നിമിഷങ്ങൾക്കുള്ളിൽ പുറത്തുനിന്നൊരു കുറിപ്പ് ലഭിക്കുകയും പുറത്തേക്ക് പോവുകയും ചെയ്തു.കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തിറങ്ങിയശേഷം തിരിച്ചു കയറിയതിനു പിന്നാലെയാണ് കുറിപ്പ് ലഭിച്ചതും രാഹുൽ സഭ വിട്ടതും. ഇതോടെ രാഹുൽ വന്നതിൽ നേതൃത്വത്തിന് അതൃപ്തി ഉണ്ടെന്ന ധാരണ പരന്നു. ആരെയും ധിക്കരിച്ചതല്ലെന്ന് രാഹുൽ പിന്നീട് സഭാകവാടത്തിൽ വച്ച് മാദ്ധ്യമങ്ങളോട് പറയുകയും ചെയ്തു.

പച്ച ഷർട്ടും മുണ്ടും ധരിച്ച് മുടിയും താടിയും വളർത്തി വിഷാദ ഭാവത്തിൽ രാഹുൽ സഭയിലേക്ക് കയറിയപ്പോൾ ഭരണപക്ഷത്ത് ചെറു ചിരിയായിരുന്നു.

വി.എസ്.അച്യുതാനന്ദന്റെ ചരമോപചാരത്തിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോഴായിരുന്നു ,സഭ തുടങ്ങി 20 മിനിറ്റ് പിന്നിട്ടപ്പോഴുള്ള രാഹുലിന്റെ വരവ്.പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി.പ്രസിഡന്റ് സണ്ണി ജോസഫും സഭയിലുണ്ടായിരുന്നു.

കോൺഗ്രസ് സസ്പെൻഡ് ചെയ്ത രാഹുലിന് പ്രതിപക്ഷ നിരയിൽ ഏറ്റവും പിന്നിലായി അഞ്ചാമത്തെ നിരയിൽ ഒറ്റപ്പെട്ട സീറ്റ് സ്പീക്കർ മാർക്ക് ചെയ്തിരുന്നു. പി.വി.അൻവറിന്റെ പഴയ സീറ്റ്. ആരുടേയും മുഖത്തു നോക്കാതെ അൽപനേരം തന്റെ സീറ്റ് നോക്കി നിന്ന ശേഷം അടുത്ത സീറ്റിലെ മുസ്ലിം ലീഗംഗം എ.കെ.എം.അഷ്റഫിന്റെ തോളിൽ ചെറുതായി തട്ടിയിട്ടാണ് രാഹുൽ സീറ്റിലിരുന്നത്. കോൺഗ്രസ് അംഗങ്ങളാരും തിരിഞ്ഞു നോക്കിയില്ല. ലീഗിലെ യു.എ.ലത്തീഫ് അടുത്തിരുന്ന് സംസാരിച്ചു.നജീബ് കാന്തപുരവും ടി.വി.ഇബ്രാഹിമും പരിചയം ഭാവിച്ചു. പിന്നാലെയാണ് പുറത്തുനിന്ന് കുറിപ്പ് ലഭിച്ചതും പുറത്തേക്ക് പോയതും.

രാവിലെ ഒൻപതിന് സഭ തുടങ്ങിയ ശേഷം അദ്ദേഹത്തിന്റെ സ്റ്റാഫംഗങ്ങൾ എത്തിയതോടെ രാഹുൽ വരുമെന്ന് സൂചന ലഭിച്ചു.അടൂരിലെ വീട്ടിൽ നിന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട രാഹുൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് നേമം ഷജീർ, സംസ്ഥാന സെക്രട്ടറി റെനോ പി.രാജൻ, സഹായി ഫസൽ എന്നിവരെയും കൂട്ടിയാണ് എത്തിയത്.ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലേക്ക് പോകുമെന്നും സഭയിൽ ദിവസവും വരുമെന്നും അദ്ദേഹത്തിന്റെ സ്റ്റാഫ് സൂചിപ്പിച്ചു.സഭയിൽ നിന്നിറങ്ങി എം.എൽ.എ ഹോസ്റ്റലിലേക്ക് പോയ രാഹുലിന്റെ വാഹനം എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു.ഇവരെ നീക്കി പൊലീസ് അകമ്പടിയോടെയാണ് രാഹുൽ മടങ്ങിയത്.