ഓണം കഴിഞ്ഞിട്ടും പിടിതരാതെ തേങ്ങവില
ആലപ്പുഴ:ഓണവും ഗണേശോത്സവവും ഉൾപ്പടെയുള്ള ആഘോഷക്കാലം കഴിഞ്ഞിട്ടും തേങ്ങവില താഴേയ്ക്കില്ല.നാട്ടിൻ പുറങ്ങളിൽ പോലും കിലോയ്ക്ക് 85-90രൂപ നിരക്കിലാണ് തേങ്ങ വിൽക്കുന്നത്.ചിങ്ങമാസം വിവാഹ സീസൺകൂടിയായതിനാൽ വിപണിയിൽ തേങ്ങയ്ക്ക് ഇപ്പോഴും നല്ല ഡിമാന്റാണ്.കേരളം,തമിഴ്നാട്,കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തേങ്ങയുടെ വരവ് കുറഞ്ഞതാണ് സംസ്ഥാനത്ത് ക്ഷാമത്തിന് കാരണം.ഉത്തരേന്ത്യയിലടക്കം ആവശ്യക്കാർ കൂടിയതുമാണ് വില വർദ്ധനയ്ക്ക് കാരണമായി വ്യാപാരികൾ പറയുന്നത്.കഴിഞ്ഞ സെപ്റ്റംബർ പകുതിയോടെയാണ് സർക്കാരിന്റെ സംഭരണവിലയായ 34 രൂപയും കടന്ന് ഇരട്ടിയിലേറെയായി തേങ്ങ വില ഉയരാൻ തുടങ്ങിയത്.അതാണിപ്പോൾ 85ൽ എത്തിനിൽക്കുന്നത്.കഴിഞ്ഞ പത്തുമാസം മുമ്പ് വരെ 20നും 28നും ഇടയിലായിരുന്നു പൊതുമാർക്കറ്റിൽ തേങ്ങ വില.തുടർന്നാണ് കേരഫെഡിന് വേണ്ടി 34 രൂപ നിരക്കിൽ സർക്കാർ തേങ്ങ സംഭരിക്കാൻ തുടങ്ങിയത്. എന്നാൽ അതിന്റെ ഗുണം കർഷകർക്ക് വേണ്ടത്ര കിട്ടിയില്ല.ഇതിനിടെയാണ് തെങ്ങോളം പൊക്കത്തിൽ വില കുതിച്ചുയർന്നത്.സംഭരണവിലയേക്കാൾ ഒരുകിലോ പച്ചത്തേങ്ങയ്ക്ക് 46 രൂപയാണ് നിലവിൽ പൊതുമാർക്കറ്റിൽ അധികം ലഭിക്കുന്നത്.ഇതിന് മുമ്പ് 2018 ലാണ് തേങ്ങയുടെ വില കിലോയ്ക്ക് 45ന് മുകളിലെത്തിയത്.ഏറെ കഴിയും മുമ്പേ അത് കുത്തനെ കുറഞ്ഞിരുന്നു.
വെളിച്ചെണ്ണയ്ക്കും തീവില
തേങ്ങവില ഉയർന്നതോടെ കൊപ്രയ്ക്കും എണ്ണയ്ക്കും വിലയും കൂടി.നാളികേരവികസന ബോർഡിന്റെ കണക്ക് പ്രകാരം കൊപ്രയ്ക്ക് കോഴിക്കോട് മാർക്കറ്റിൽ കിലോയ്ക്ക് 230 ഉം കൊച്ചി മാർക്കറ്റിൽ 220 രൂപയുമാണ്.ഇതോടെ വെളിച്ചെണ്ണവിലയും വർദ്ധിച്ചു.ലിറ്ററിന് 450 രൂപയാണ് ശരാശരി വില. ഓണക്കാലത്ത് ശബരിവെളിച്ചെണ്ണ സബ്സിഡി നിരക്കിൽ 339 രൂപയ്ക്കും സബ്സിഡിയില്ലാതെ 389 രൂപയ്ക്കും ലഭിച്ചതാണ് ഏക ആശ്വാസം.സപ്ലൈകോയിൽ കേരവെളിച്ചെണ്ണയ്ക്ക് 424 രൂപയാണ് വില.
തേങ്ങയ്ക്ക് നല്ല വിലയാണെങ്കിലും ഉൽപ്പാദനം കുറഞ്ഞതിനാൽ അതിന്റെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല. തേങ്ങയുടെ വില ഉടനെങ്ങും താഴുമെന്നും കരുതുന്നില്ല
- രാഹുലൻ, കേരകർഷകൻ