അന്തിമ വോട്ടർ പട്ടികയിൽ ക്രമക്കേട് കണ്ടാൽ റദ്ദാക്കും: സുപ്രീംകോടതി
ന്യൂഡൽഹി: അനധികൃതമായി വോട്ടർമാരെ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്താൽ അന്തിമ വോട്ടർ പട്ടിക റദ്ദാക്കുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.
ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പുതുക്കൽ വിഷയത്തിലാണ് സുപ്രീംകോടതി ഇങ്ങനെ പറഞ്ഞത്. കേരളത്തിൽ അടക്കം രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്.ഐ.ആർ) നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു പോകുന്നതിനിടെയാണ് പരമോന്നത കോടതിയുടെ പരാമർശം. എസ്.ഐ.ആർ പ്രക്രിയക്കെതിരെ ഇന്ത്യ' മുന്നണി പാർട്ടികളും, സന്നദ്ധസംഘടനകളും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഒക്ടോബർ ഒന്നിന് ബീഹാറിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അതിനു മുൻപ് വിശദവാദം കേൾക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കൽ, കേസിലെ തീരുമാനങ്ങളെ ബാധിക്കില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പ്രതികരിച്ചു. പട്ടിക നിയമവിരുദ്ധമാണെന്ന് ബോദ്ധ്യപ്പെട്ടാൽ റദ്ദാക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി. ഹർജികൾ പരിഗണിക്കുന്നത് ഒക്ടോബർ ഏഴിലേക്ക് മാറ്റി.
ആധാർ ഉത്തരവിൽ
ഭേദഗതിയില്ല
ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പുതുക്കലിൽ ആധാർ കാർഡ് സ്വീകരിക്കണമെന്ന മുൻ ഉത്തരവിൽ ഒരു തരത്തിലുള്ള ഭേദഗതിക്കും തയ്യാറല്ലെന്ന് കോടതി നിലപാടെടുത്തു. ഹർജിക്കാരനായ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാദ്ധ്യായയാണ് ആവശ്യമുന്നയിച്ചത്. ആധാർ വ്യാജമായി നിർമ്മിക്കുന്നുണ്ടെന്നും ആരോപിച്ചു. ആധാർ മാത്രമല്ല ഡ്രൈവേഴ്സ് ലൈസൻസ് തുടങ്ങി ധാരാളം രേഖകൾ വ്യാജമായി നിർമ്മിക്കാൻ കഴിയുമെന്ന് കോടതി മറുപടി നൽകി. കേരളം, തമിഴ്നാട് തുടങ്ങി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ അടക്കം രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടി ആരംഭിച്ചതിനിടെ കോടതി ഈ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നത് ശ്രദ്ധേയമാണ്.