വീണവനേ, വാണിട്ടുള്ളൂ...
ഹീറ്റ്സ് മത്സരത്തിനിടെ വീണുപോയി മുഖത്ത് ചവിട്ടുകൊണ്ട ബീമിഷിന് സ്റ്റീപ്പിൾ ചേസിൽ സ്വർണം
ടോക്യോ : ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗം 3000 മീറ്റർ സ്റ്റീപ്പിൾ ചേസിന്റെ ഹീറ്റ്സ് മത്സരത്തിനിടെ ട്രാക്കിൽ വീണുപോയി എതിരാളികളുടെ ചവിട്ടുകൊണ്ടിട്ടും എണീറ്റോടിയ പോരാളിക്ക് ഫൈനലിൽ അട്ടിമറി സ്വർണം. ന്യൂസിലാൻഡുകാരൻ ജോർഡി ബീമിഷാണ് ഇന്നലെ ടോക്യോയിൽ പോരാട്ടവീര്യത്തിന്റെ പുതിയ വീര്യം പകർന്ന സ്വർണചരിത്രമെഴുതിയത്.
തുടർച്ചയായ അഞ്ചാം വേദിയിലും സ്വർണം ലക്ഷ്യമിട്ടിറങ്ങിയ മൊറോക്കൻ ഇതിത്താസ താരം സൂഫിയാനേ അൽ ബെക്കാലിയെ അട്ടിമറിച്ചായിരുന്നു ബീമിഷിന്റെ അട്ടിമറിപ്പൊന്ന്. 8 മിനിട്ട് 33.88 സെക്കൻഡിലാണ് ബീമിഷ് ഫിനിഷ് ചെയ്തത്. രണ്ട് ഒളിമ്പിക്സുകളിലും രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിലും സ്വർണം നേടിയിട്ടുള്ള ബെക്കാലിക്ക് 8 മിനിട്ട് 33.95 സെക്കൻഡിലേ ഓടിയെത്താനായുള്ളൂ. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മുന്നിട്ടുനിന്നത് ബെക്കാലിയായിരുന്നു. എന്നാൽ അവസാനസമയത്തെ അതിഗംഭീര കുതിപ്പിലൂടെ ബീമിഷ് സ്വർണത്തിലേക്ക് കുതിച്ചുകയറുകയായിരുന്നു. 17കാരനായ കെനിയൻ താരം എഡ്മണ്ട് സീറം 8മിനിട്ട് 34.56 സെക്കൻഡിൽ ഓടിയെത്തി വെങ്കലം നേടി.
ഹീറ്റ്സിൽ മത്സരിക്കവേ അവസാന ലാപ്പിന് തൊട്ടുമുമ്പാണ് ബീമിഷ് ട്രാക്കിൽ വീണുപോയത്. അദ്ദേഹത്തിന്റെ മുഖത്ത് ചവിട്ടിയാണ് മറ്റ് മത്സരാർത്ഥികളിൽ ചിലർ മുന്നേറിയത്. എന്നാൽ വീണിടത്തുനിന്ന് എഴുന്നേറ്റോടി ബീമിഷ് ഫൈനലിലേക്ക് യോഗ്യത നേടി.
ഡുപ്ളാന്റിസ് വീണ്ടും
ഉന്നതങ്ങളിൽ
ലോക റെക്കാഡ് തിരുത്തിയെഴുതി അർമാൻഡ് ഡുപ്ളാന്റിസിന് പോൾവാട്ട് സ്വർണം
പോൾവാട്ട് മത്സരവേദികളിൽ സ്വന്തം റെക്കാഡ് തിരുത്തിയെഴുതുന്ന പതിവ് ഇക്കുറിയും സ്വീഡിഷ് താരം അർമാൻഡ് ഡുഡുപ്ളാന്റിസ് തെറ്റിച്ചില്ല.ടോക്യോയിൽ 6.30 മീറ്റർ ചാടിയാണ് ഡുപ്ളാന്റിസ് ചരിത്രം കുറിച്ചത്. ഇത് 14-ാം തവണയാണ് സ്വീഡിഷ് ഇതിഹാസതാരം പോൾവാട്ടിൽ ലോകറെക്കാഡ് തിരുത്തിയെഴുതുന്നത്. തുടർച്ചയായ 49-ാമത് മീറ്റിലാണ് ഡുപ്ളാന്റിസ് സ്വർണം നേടുന്നത്.തന്റെ മൂന്നാമത്തെയും അവസാനത്തേയും ശ്രമത്തിലാണ് താരം ആറര മീറ്റർ താണ്ടിയത്.
ഹഡിൽസിൽ ദിത്താജീ കംബൂൻഡ്ജി
വനിതാ വിഭാഗം 100 മീറ്റർ ഹഡിൽസിൽ സ്വർണം നേടി സ്വിറ്റ്സർലാൻഡ് താരം ദിത്താജീ കംബൂൻഡ്ജി.12.24 സെക്കൻഡിൽ ഓടിയെത്തി പുതിയ ദേശീയ റെക്കാഡ് കുറിച്ചാണ് 23കാരിയായ ദിത്താജിയുടെ സ്വർണനേട്ടം. ഈയിനത്തിലെ ലോകറെക്കാഡുകാരിയും 2022ലെ ലോക ചാമ്പ്യനുമായ നൈജീരിയക്കാരി ടോമി അമുസനെ പിന്നിലാക്കിയാണ് ദിത്താജീ പൊന്നണിഞ്ഞത്. 12.29 സെക്കൻഡിൽ ഓടിയെത്തിയ
ടോമി വെള്ളിനേടിയപ്പോൾ 12.34 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമേരിക്കൻ താരം ഗ്രേസ് സ്റ്റാർക്കിനാണ് വെങ്കലം.