പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും

Tuesday 16 September 2025 12:00 AM IST

കൊച്ചി: തൃശൂർ - എറണാകുളം ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്നത്തേയ്ക്ക് മാറ്റി. ടോൾ ഈടാക്കുന്നതു വിലക്കിയ ഉത്തരവിൽ മാറ്റമില്ല. പ്രശ്‌ന പരിഹാരത്തിനായി കളക്ടർ നൽകിയ നിർദ്ദേശങ്ങളെല്ലാം പാലിച്ചെന്നു ദേശീയപാത അതോറിറ്റി കോടതിയിൽ അറിയിച്ചതിനെ തുടർന്ന്, റിപ്പോർട്ട് പരിശോധിച്ചശേഷം ഇന്ന് വീണ്ടും ഹർജി പരിഗണിക്കാമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 18 നിർദ്ദേശങ്ങൾ നൽകിയിരുന്നതിൽ 13 എണ്ണം തൃപ്തികരമായി നടപ്പാക്കിയതായി പൊലീസും ഗതാഗതവകുപ്പും ഉറപ്പാക്കിയിട്ടുണ്ടെന്നും മറ്റുളളവയിൽ പുരോഗതിയുണ്ടെന്നും ഓൺലൈനിൽ ഹാജരായ തൃശൂർ കളക്ടർ അറിയിച്ചു.

അതേസമയം, മണ്ണുത്തി - ഇടപ്പിള്ളി ദേശീയപാതയിൽ ടോൾ പിരിവ് പുനരാരംഭിക്കുന്ന കാര്യത്തിൽ ഹൈക്കോടതി ഇന്ന് തീരുമാനം എടുത്തേക്കും. ദേശീയപാതയിൽ കുരുക്കു മുറുകിയതിനെ തുടർന്ന് ആഗസ്റ്റ് ആറു മുതലാണ് പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവച്ചത് . തുടർന്ന് പുനഃസ്ഥാപിക്കാൻ എൻ.എച്ച്.എയും കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുമതി നൽകിയിരുന്നില്ല.