കളി വേറെ, കാര്യം വേറെ

Monday 15 September 2025 11:54 PM IST

ഏഷ്യാ കപ്പ് മത്സരത്തിന് ശേഷം പാക് കളിക്കാരുമായി ഹസ്തദാനത്തിന് നിൽക്കാതെ ഇന്ത്യൻ താരങ്ങൾ

പ്രതിഷേധവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ഏഷ്യാകപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി

ദുബായ് : കഴിഞ്ഞ ദിവസം ഏഷ്യാകപ്പിൽ പാകിസ്ഥാനെ ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ ഏഴുവിക്കറ്റിന് തോൽപ്പിച്ചശേഷം ഇന്ത്യൻ താരങ്ങൾ എതിർ ടീമംഗങ്ങളുമായി ഔപചാരിക ഹസ്തദാനത്തിന് നിൽക്കാതെ മടങ്ങിയതാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ചാവിഷയം.

ടൂർണമെന്റിന് മുമ്പുള്ള ക്യാപ്ടന്മാരുടെ പത്രസമ്മേളനവേദിയിലും മത്സരത്തിന് മുമ്പ് ടോസിംഗ് വേളയിലും ഇന്ത്യ- പാക് ക്യാപ്ടന്മാർ ഷേക് ഹാൻഡ് ഒഴിവാക്കിയിരുന്നു. അതിന് പിന്നാലെയാണ് മത്സരം കഴിഞ്ഞ് ഷേക് ഹാൻഡിന് കാത്തുനിൽക്കാതെ സൂര്യ കുമാർ യാദവും ശിവം ദുബെയും ഡ്രെസിംഗ് റൂമിലേക്ക് പോയത്. ഇവർ ഷേക് ഹാൻഡിനായി മടങ്ങിയെത്തുമെന്ന് കരുതി ഗ്രൗണ്ടിൽ നിന്ന പാക് ടീമംഗങ്ങളെ ഇളിഭ്യരാക്കി ഡ്രെസിംഗ് റൂമിന്റെ വാതിലടയ്ക്കുകയും ചെയ്യു. പിന്നീട് സമ്മാനദാനച്ചടങ്ങിനായെത്തിയപ്പോൾ സൂര്യകുമാർ യാദവ് തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിച്ചു. തങ്ങൾ ക്രിക്കറ്റ് കളിക്കാനായി മാത്രമാണ് എത്തിയതെന്നും ജീവിതത്തിലെ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനേക്കാൾ വലുതാണെന്നും സൂര്യ പറഞ്ഞു.

ഇതിനുപിന്നാലെയാണ് ഇന്ത്യൻ ടീം തങ്ങളെ അപമാനിച്ചുവെന്ന പരാതിയുമായി പാക് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്ത പെരുമാറ്റമാണ് ഇന്ത്യയിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഇന്ത്യൻ താരങ്ങൾക്ക് ഷേക് ഹാൻഡ് നൽകരുതെന്ന് ടോസ് സമയത്ത് മാച്ച് റഫറി ആൻഡി പൈക്രോഫ്ട് പാക് ക്യാപ്ടൻ സൽമാൻ ആഗയ്ക്ക് നിർദ്ദേശം നൽകിയെന്നും പി.സി.ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ആരോപിച്ചു. ആൻഡി പൈക്രോഫ്ടിനെ ടൂർണമെന്റിൽ നിന്ന് മാറ്റിയില്ലെങ്കിൽ തങ്ങൾ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ കൂടിയായ നഖ്‌വി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് നൽകിയ പരാതിയിൽ പറയുന്നു. നേരത്തേ ടൂർണമെന്റിന് പത്രസമ്മേളനവേദിയിൽ സൂര്യ നഖ്‌വിക്ക് ഷേക് ഹാൻഡ് നൽകിയിരുന്നു.

ഏതായാലും ഷേക് ഹാൻഡ് വിവാദം ഏഷ്യാകപ്പിനെ ആകെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സൂപ്പർ ഫോർ റൗണ്ടിലും ഫൈനലിലും ഇനിയും ഏറ്റുമുട്ടാനുള്ള സാദ്ധ്യതകൾ ഉള്ളതിനാൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റേയും നിലപാട് നിർണായകമാണ്. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഒരു ക്രിക്കറ്റ് മത്സരത്തിൽ ഏറ്റുമുട്ടിയത്. പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതിനിതിരെ ഇന്ത്യയിൽ വലിയ എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ പാകിസ്ഥാനുമായി ഉഭയകക്ഷി പരമ്പരകൾ കളിക്കുന്നതിൽ മാത്രമാണ് വിലക്ക് എന്നും അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കാമെന്നും കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു.

ധീരം, സൂര്യയുടെ നിലപാട്

കളിയേക്കാൾ വലുതാണ് മറ്റ് പലകാര്യങ്ങളുമെന്ന് സമ്മാനദാനച്ചടങ്ങിൽ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി. പാകിസ്ഥാനുമായി കളിക്കരുതെന്ന് മുറവിളികൾ ഉയരുന്നതിനിടെ എന്തുകൊണ്ടാണ് കളിക്കാൻ എത്തിയത് എന്ന് വ്യക്തമാക്കുന്നതായിരുന്നു സൂര്യയുടെ വാക്കുകൾ.

'' കളിക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ വന്നത്. അതുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടിവന്നത്. ബി.സി.സി.ഐയുമായും കേന്ദ്രസർക്കാരുമായും ചേർന്നാണ് ഞങ്ങൾ നിൽക്കുന്നത്.ജീവിതത്തിലെ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനേക്കാൾ വലുതാണ്.പഹൽഗാം ഭീകരാക്രമണത്തിലെ എല്ലാ ഇരകൾക്കൊപ്പവും അവരുടെ കുടുംബങ്ങൾക്കൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു. ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത നമ്മുടെ ധീരരായ സായുധ സേനാംഗങ്ങൾക്കായി ഞങ്ങൾ ഈ വിജയം സമർപ്പിക്കുന്നു. അവർ ഞങ്ങളെ പ്രചോദിപ്പിക്കുന്നത് പോലെ, അവസരം ലഭിക്കുമ്പോഴെല്ലാം സാധ്യമെങ്കിൽ അവരെയും പ്രചോദിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും ""- എന്നായിരുന്നു സൂര്യയുടെ വാക്കുകൾ.

കടുത്ത നിലപാടിന്

പിന്നിൽ ഗംഭീർ

കോച്ച് ഗൗതം ഗംഭീറിന്റെ കൃത്യമായ നിർദ്ദേശമാണ് കളിക്കളത്തിലെ ഇന്ത്യയുടെ കടുത്ത നിലപാടിന് ധൈര്യം പകർന്നത്.മത്സരത്തിനിടെ പാക് കളിക്കാരുമായി സൗഹൃദത്തിനോ സ്പർദ്ധയ്ക്കോ പോകരുതെന്ന് ഗംഭീർ കർശന നിർദേശം നൽകിയിരുന്നു. കളിക്കാനായാണ് വന്നത്, കളിയിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നായിരുന്നു ഗംഭീറിന്റെ നിലപാട്. ബി.സി.സി.ഐ ഉന്നത കേന്ദ്രങ്ങളുമായി ആലോചിച്ച ശേഷമാണ് ഗംഭീർ ഈ നിർദ്ദേശം നൽകിയത്.