വനിതാ ഇന്റർ നാഷണൽ മാസ്റ്ററാകാൻ മൂന്നാം നോമും നേടി കല്യാണി
തിരുവനന്തപുരം: ഇന്റർനാഷണൽ വനിതാ ചെസ് മാസ്റ്ററാകാനുള്ള മൂന്നാമത്തെ നോമും നേടി മലയാളിയായ കല്യാണി സിരിൻ. കഴിഞ്ഞദിവസം ഇറ്റലിയിൽ നടന്ന സ്കാച്ചി ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിലൂടെയാണ് 15കാരിയായ കല്യാണിക്ക് മൂന്നാം നോം ലഭിച്ചത്. കേരളത്തിൽ നിന്ന് ഇന്റർനാഷണൽ വനിതാമാസ്റ്ററാകാനുള്ള മൂന്ന് നോമുകളും നേടുന്ന പ്രായംകുറഞ്ഞ താരമാണ് കല്യാണി.
2024ലെ കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 വിഭാഗം ചാമ്പ്യനായിരുന്നു കല്യാണി. 2023ൽ ദേശീയ അണ്ടർ 13 ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. 2023ലെ സ്റ്റേറ്റ് ചാമ്പ്യനുമായിരുന്നു, ഈവർഷം സെർബിയയിലും ഫ്രാൻസിലും നടന്ന ടൂർണമെന്റുകളിൽ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയും തിരുവനന്തപുരം ടെക്നോപാർക്കിലെ ആർ.എം ഇന്ത്യ കമ്പനിയിലെ പ്രോജക്ട് മാനേജരുമായ സിരിന്റേയും കുഴൂർ ഗവൺമെന്റ് സ്കൂൾ അദ്ധ്യാപിക ധന്യ കെ.വിയുടേയും മകളാണ്. നാട്ടിലുള്ള ചെസ് താരമായ കാർത്തികിന്റെ മത്സരങ്ങൾ കണ്ട് ആകൃഷ്ടയായാണ് കല്യാണി ചെസിലേക്ക് വരുന്നത്. രഘുനാഥ മേനോൻ, നിർമ്മൽ ഇ.പി എന്നിവരാണ് ആദ്യകാല പരിശീലകർ. കഴിഞ്ഞ നാലുവർഷമായി കർണാടക്കാരനായ ഗ്രാൻഡ്മാസ്റ്റർ സ്റ്റാനിയാണ് പരിശീലനം നൽകുന്നത്.