വൻതാരയുടെ പ്രവർത്തനം നിയമപരം : സുപ്രീംകോടതി
ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷന്റെ ഗുജറാത്ത് ജാംനഗറിലെ മൃഗസംരക്ഷണ കേന്ദ്രമായ വൻതാരയിലെ പ്രവർത്തനങ്ങൾ പ്രഥമദൃഷ്‌ട്യാ നിയമപരമായെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടില്ല. ആനകളെ അടക്കം അവിടേക്ക് എത്തിക്കുന്നതും കൃത്യമായ നടപടിക്രമങ്ങളിലൂടെയാണെന്ന് ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി റിട്ടയേർഡ് ജഡ്‌ജി ജെ. ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കൈമാറിയ റിപ്പോർട്ട് തുറന്ന കോടതിയിൽ പരിഗണിക്കുകയായിരുന്നു. റിപ്പോർട്ട് തൃപ്‌തികരമായതിനാൽ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു. വൻതാരയ്‌ക്കെതിരെ വ്യാപക ആരോപണങ്ങൾ ഉയരുന്നുവെന്ന് ചൂണ്ടിക്കാട്ടി അഡ്വ. സി.ആർ. ജയ സുകിൻ സമർപ്പിച്ച പൊതുതാൽപര്യഹർജിയിലാണ് സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.