ഉന്നതി ചരിത്രപരമായ നേട്ടം: മുഖ്യമന്ത്രി
തിരുവനന്തപുരം: പട്ടികവിഭാഗ പിന്നാക്ക വിദ്യാർത്ഥികൾക്ക് വിദേശപഠനം സാദ്ധ്യമാക്കുന്നതിനുള്ള സർക്കാരിന്റെ ഉന്നതി ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതി കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക വികാസ പരിണാമങ്ങൾക്ക് നേർക്ക് പിടിച്ച കണ്ണാടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിലൂടെ ഇതുവരെ 1104 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിച്ചത് ചരിത്രപരമായ നേട്ടമാണ്. സ്‌കോളർഷിപ്പ് വിതരണവും ആയിരം വിദ്യാർത്ഥികൾ വിദേശപഠനം സാദ്ധ്യമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും മാസ്‌കോട്ട് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഒരുവർഷം 310 വിദ്യാർത്ഥികൾക്കാണ് 25 ലക്ഷം രൂപ വരെ ഉന്നതി സ്‌കോളർഷിപ്പ് നൽകുന്നത്. അതേസമയം കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ രാജ്യത്താകെ 125 വിദ്യാർത്ഥികൾക്ക് മാത്രമാണ് വിദേശ സ്‌കോളർഷിപ്പ് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഒ.ആർ കേളു അദ്ധ്യക്ഷനായി. വി.കെ പ്രശാന്ത് എം.എൽ.എ, എസ്.സി, എസ്.ടി പിന്നാക്ക വികസന സെക്രട്ടറി എ.കൗശികൻ, പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ ഡി.ധർമ്മലശ്രീ, പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ മിഥുൻ പ്രേംരാജ്, പിന്നാക്കവിഭാഗ വികസനവകുപ്പ് ഡയറക്ടർ മിസൽ സാഗർ ഭരത്, ഒഡെപെക് ചെയർമാൻ കെ.പി അനിൽകുമാർ, എം.ഡി സുഫിയാൻ അഹമ്മദ് എന്നിവർ സംസാരിച്ചു.